കൊച്ചിന്‍ കാര്‍ണിവല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു. 13 ഡിവൈഎസ്പിമാര്‍, 28 ഇന്‍സ്പെക്ടര്‍മാര്‍, 1200 പോലീസുകാരെയും സുരക്ഷയ്ക്കായി വിന്യസിച്ചു. പരേഡ്, വേളി ഗ്രൗണ്ടുകളില്‍ പാര്‍ക്കിംഗ് ഉണ്ടാകില്ല. ഡിസംബര്‍ 31 ന് ഉച്ചക്ക് 2 മണി മുതല്‍ ഫോര്‍ട്ട് കൊച്ചിയിലേക്ക് വാഹനം വിടില്ല. ഫോര്‍ട്ട്‌കൊച്ചി സ്വദേശികളുടെ വാഹനങ്ങളും കടത്തിവിടില്ല. ഫോര്‍ട്ട്‌കൊച്ചിക്കാരുടെ വാഹനമടക്കം റോഡില്‍ ഇടാന്‍ അനുവദിക്കില്ല. വൈപ്പിന്‍ – ഫോര്‍ട്ട് കൊച്ചി റോറോയില്‍ വാഹനങ്ങള്‍ 4 മണി വരെ മാത്രമേ കയറാന്‍ അനുവദിക്കൂ. 7 മണി വരെ ആളുകളെ റോ റോയില്‍ അനുവദിക്കും.
പരമാവധി സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കണം. കൊച്ചി സിറ്റി മേഖല ഡ്രോണ്‍ നിരോധിത മേഖലയായി പ്രഖ്യാപിച്ചു. റെഡ് സോണില്‍ ഡ്രോണ്‍ ഉപയോഗിച്ചാല്‍ നടപടി എടുക്കും. ആവശ്യത്തിന് വെളിച്ചത്തിനുള്ള സജ്ജീകരണം എല്ലായിടത്തും ഒരുക്കിയിട്ടുണ്ട്. വൈപ്പിന്‍ ഭാഗത്തും, സിറ്റിയിലേക്കും ആഘോഷങ്ങള്‍ക്ക് ശേഷം ബസ് സൗകര്യം ഉണ്ടായിരിക്കും. വൈപ്പിന്‍ ജെട്ടിയിലേക്ക് 4 മണിക്ക് ശേഷം വാഹനങ്ങളെ പ്രവേശിപ്പിക്കില്ല. 28 പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ ഉണ്ടാകും. കൊച്ചുകുട്ടികളുമായി വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. മെട്രോ രാത്രി 2 മണി വരെ സര്‍വീസ് നടത്തും. വാട്ടര്‍ മെട്രോ രാവിലെ 4 മണി വരെ ഉണ്ടാകും, ആവശ്യം വന്നാല്‍ സമയം നീട്ടും. കൊച്ചി മെട്രോ ഫീഡര്‍ ബസ് ഉപയോഗപ്പെടുത്തണമെന്നും കമ്മീഷണര്‍ അറിയിച്ചു

