ആഗോള കൊക്കോ കർഷകരെ ഞെട്ടിച്ച് ഉത്പന്ന വില ഇടിഞ്ഞു. ചോക്ലേറ്റ് വ്യവസായികളിൽനിന്നുള്ള ആവശ്യം കുറഞ്ഞത് തകർച്ച രൂക്ഷമാക്കുന്നു. ആഫ്രിക്കയിൽ ഉത്പാദനം ഉയരുമെന്ന സൂചനയാണ് 2024 ജനുവരിക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയിലേക്ക് കൊക്കോയെ എത്തിച്ചത്.
യൂറോപിൽ ചോക്ലേറ്റ് വില്പന കുറഞ്ഞെന്ന കാരണമുയർത്തിയാണ് വ്യവസായികൾ കൊക്കോ സംഭരണം കുറച്ചത്. ഉത്പാദനത്തിൽ മുന്നിലുള്ള എൈവറി കോസ്റ്റിൻെറ കയറ്റുമതി ഉയർന്നു. വിളവെടുപ്പിന് ഒരുങ്ങുന്ന അവസരത്തിൽ കയറ്റുമതി വർധിച്ചതിനാൽ അടുത്ത രണ്ടു മാസങ്ങളിൽ ചരക്കു ലഭ്യത കൂടാം. ന്യൂയോർക്കിൽ കൊക്കോ ടണ്ണിനു 3981 ഡോളറിലേയ്ക്ക്താഴ്ന്നു.
കഴിഞ്ഞ ജനുവരിയിൽ വില 9000 ഡോളറായിരുന്നു. യുറോപ്പിലും ഏഷ്യയിലും കൊക്കോ സംസ്കരണ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. മദ്ധ്യകേരളത്തിൽ പച്ച കൊക്കോ കിലോ 140 രൂപയിലും പരിപ്പ് 380 രൂപയിലുമാണ്.
ഏലക്ക ലേലത്തിൽ ആഭ്യന്തര വിദേശ വാങ്ങലുകാരുടെ പിൻതുണ ലഭ്യമായിട്ടും ഉത്പാദകരുടെ പ്രതീക്ഷയ്ക്ക് ഒത്ത വില ഉറപ്പ് വരുത്താനായില്ല. പതിവിൽനിന്നു മാറി ലേലത്തിനുള്ള ചരക്കുവരവു കുറഞ്ഞതു വിലക്കയറ്റത്തിന് വഴിതെളിക്കുമെന്നാണു കാർഷിക മേഖല കണക്കു കൂട്ടിയത്. എന്നാൽ വാങ്ങലുകാർ കരുതലോടെ നീങ്ങി.
ആഗോള വിപണിയിൽ റബർ മുന്നേറി. ക്രൂഡ് ഓയിൽ വിലയിലെ ഉണർവും വിനിമയ വിപണിയിൽ ജാപ്പാനീസ് നാണയത്തിന് നേരിട്ട തളർച്ചയും വിദേശ നിക്ഷേപകരെ റബറിലേയ്ക്ക് അടുപ്പിച്ചു. നിക്ഷേപകർ അവധി വ്യാപാരത്തിൽ കാണിച്ച ഉത്സാഹം ഉത്പന്നം നേട്ടമാക്കി. ജപ്പാനിൽ അവധി വില 10 മാസത്തെ ഉയർന്ന നിരക്കായ 360 യെന്നിലെത്തി. ലാഭമെടുപ്പിന് ഒരു വിഭാഗം ഇടപാടുകൾ തിടുക്കം കാണിച്ചത് വ്യാപാരാന്ത്യം റബറിനെ അല്പം തളർത്തി. ബാങ്കോക്കിൽ റബർ 201 രൂപയിലേയ്ക്ക് ഉയർന്നെങ്കിലും ചൈനീസ് വ്യവസായികളിൽനിന്നുള്ള പിന്തുണ കുറവായിരുന്നു. കൊച്ചിയിൽ നാലാം ഗ്രേഡ് റബർ 200 രൂപയായി ഉയർന്നു.
അറബ് രാജ്യങ്ങളിൽനിന്നുള്ള അന്വേഷണങ്ങൾക്കൊപ്പം ഉത്തരേന്ത്യൻ വ്യവസായികളും ജാതിക്കയിൽ കാണിച്ച താത്പര്യം വില ഉയർത്തുന്നു. വിപണികളിൽ ചരക്ക് വരവ് വാങ്ങലുകാരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുന്നില്ല. ജാതിക്ക തൊണ്ടൻ 330 രൂപ വരെ ഉയർന്നപ്പോൾ പരിപ്പ് കിലോ 650-680 രൂപയിലെത്തി.

