കളക്ടർ കളത്തിലിറങ്ങി; രാത്രി കുടുങ്ങിയത് 174 ഓട്ടോകൾ,മീറ്ററില്ല, ഫിറ്റ്നസില്ല…!

കാക്കനാട്: യാത്രക്കാരെ പിടിച്ചുപറിക്കുന്ന ഓട്ടോ ഡ്രൈവർമാരെ പൂട്ടാൻ കളക്ടർതന്നെ കളത്തിലിറങ്ങി. വ്യാഴാഴ്ച രാത്രി കൊച്ചി നഗരത്തിലും പരിസരപ്രദേശത്തും മോട്ടോർ വാഹനവകുപ്പ് നടത്തിയ മിന്നൽ പരിശോധനയ്ക്ക് നേതൃത്വം നൽകിയത് കളക്ടർ ജി. പ്രിയങ്കയാണ്.

വെള്ളിയാഴ്ച പുലർച്ചെവരെ നടത്തിയ പരിശോധനയിൽ ഫിറ്റ്‌നസും ഇൻഷുറൻസും ഇല്ലാത്തതുമുതൽ നികുതി അടയ്ക്കാത്തവർ വരെ കുടുങ്ങി. 174 ഓട്ടോറിക്ഷകൾക്കെതിരേ കേസെടുത്തതിൽ 72 എണ്ണവും ഫെയർ മീറ്ററില്ലാത്തതായിരുന്നു. ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞ 15 ഓട്ടോകളും നികുതി അടയ്ക്കാത്ത 10 ഓട്ടോകൾക്കും പിടിവീണു. അമിതപ്രകാശം പുറപ്പെടുവിക്കുന്ന ലൈറ്റ് ഘടിപ്പിച്ച 10-ഉം, ഇൻഷുറൻസ് ഇല്ലാത്ത ഒരു ഓട്ടോറിക്ഷയും പെർമിറ്റ് കാലാവധി കഴിഞ്ഞ 12 ഓട്ടോറിക്ഷകളും സർവീസ് നടത്തുന്നതായി കണ്ടെത്തി. ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച ഏഴാളുകളുടെ പേരിലും കേസെടുത്തു. കൂടാതെ മറ്റുജില്ലകളിൽ നിന്നുള്ള 20 ഓട്ടോറിക്ഷകൾ കൊച്ചി നഗരത്തിൽ ഓടുന്നതായി പരിശോധനയിൽ കണ്ടെത്തി. കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള ഡ്രൈവർമാരെയാണ് പിടികൂടിയതെന്ന് അധികൃതർ പറഞ്ഞു.

രേഖകളില്ലാത്ത ഒട്ടേറെ ഓട്ടോറിക്ഷകൾ രാത്രി സമയത്തുമാത്രം സർവീസ് നടത്തുന്നുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡിന് വിവരം ലഭിച്ചിരുന്നു. സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകൾ, കെഎസ്ആർടിസി സ്റ്റാൻഡ്, കലൂർ, എംജി റോഡ്, വൈറ്റില, ഹൈക്കോർട്ട് ജങ്ഷൻ, കലൂർ-കതൃക്കടവ് റോഡ് തുടങ്ങിയ മേഖലകളിലായിരുന്നു പരിശോധന. ഓട്ടോറിക്ഷകളെക്കുറിച്ച് വ്യാപകമായ പരാതി ലഭിച്ചതിനേത്തുടർന്നാണ് പരിശോധനയ്ക്ക് കളക്ടർ നേരിട്ടിറങ്ങിയത്. എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർടിഒ ബിജു ഐസക്കിന്റെ നേതൃത്വത്തിൽ ആറ് സ്ക്വാഡുകളായിട്ടായിരുന്നു പരിശോധന.

നിയമലംഘനം കണ്ടെത്തിയ ഓട്ടോകളിലെ യാത്രക്കാരെ ഉദ്യോഗസ്ഥർ തന്നെ മറ്റ് ഓട്ടോകളിൽ കയറ്റിവിട്ടു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആർടിഒ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *