കൊച്ചി: യുവനടിയുടെ പരാതിയിൽ ലൈംഗികാതിക്രമ കേസിൽ പ്രതിയായ സംവിധായകൻ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാൻ അന്വേഷണ സംഘം നീക്കം ആരംഭിച്ചു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ളവയുടെ കൂടുതൽ വിശദാംശങ്ങൾ ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് പോലീസ് തീരുമാനം.സംഭവത്തിന് പിന്നാലെ രഞ്ജിത്ത് അതിജീവിതയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചതായി അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിസിപി അശ്വതി ജിജി അറിയിച്ചു. എന്നാൽ യുവതി ഫോൺ എടുത്തിരുന്നില്ല. ഈ വിവരങ്ങൾ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കേസിൽ പരാതി നൽകാൻ വൈകിയതിൽ അസ്വാഭാവികതയില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.നിലവിൽ കോടതി രഞ്ജിത്തിനെ ജുഡീഷ്യൽ റിമാൻഡിൽ വിട്ടിരിക്കുകയാണ്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രതിഭാഗം ജാമ്യാപേക്ഷ നൽകിയിട്ടുണ്ടെങ്കിലും, അന്വേഷണം നിർണ്ണായക ഘട്ടത്തിലായതിനാൽ കസ്റ്റഡി ആവശ്യമാണെന്ന നിലപാടിലാണ് പ്രോസിക്യൂഷൻ.
ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാൻ പ്രോസിക്യൂഷൻ

