ഡാർവിൻ: നോർത്തേൺ ടെറിട്ടറിയിലെ ഒറ്റപ്പെട്ട ഗോത്രവർഗ്ഗ മേഖലയായ വാഡെയിൽ ആഴ്ചകളായി തുടരുന്ന അക്രമാസക്തമായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് 58 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയായി നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലാണ് 14 നും 42 നും ഇടയിൽ പ്രായമുള്ള പ്രതികളെ പിടികൂടിയത്.മേഖലയിൽ സമാധാനം തകർക്കാൻ ശ്രമിക്കുന്ന പ്രധാന സൂത്രധാരനെന്ന് പോലീസ് വിശേഷിപ്പിച്ച 30 വയസ്സുകാരനായ യുവാവും പിടിയിലായവരിൽ ഉൾപ്പെടുന്നു.
മാരകമായ ആയുധങ്ങൾ ഉപയോഗിച്ച് മൂന്ന് പേരെ തലയ്ക്ക് പിന്നിൽ വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള പ്രധാന കുറ്റം.പരിക്കേറ്റ മൂന്ന് പേരെയും വിദഗ്ധ ചികിത്സയ്ക്കായി റോയൽ ഡാർവിൻ ആശുപത്രിയിലേക്ക് വിമാനമാർഗ്ഗം മാറ്റിയിട്ടുണ്ട്.വധശ്രമം, കലാപത്തിൽ പങ്കുചേരൽ, മാരകായുധങ്ങൾ കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അക്രമങ്ങളിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താനായി പ്രദേശം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിൽ 65 ഓളം വീടുകളിൽ നിന്ന് വില്ലുകൾ, അമ്പുകൾ, കത്തികൾ തുടങ്ങി വലിയൊരു ആയുധശേഖരം തന്നെ കണ്ടെടുത്തിട്ടുണ്ട്.
സംഘർഷത്തിനിടെ നടന്ന തീവെയ്പ്പ്,മോഷണം, മർദ്ദനം എന്നീ കേസുകളിൽ ഉൾപ്പെട്ട മറ്റ് 14 പേരെക്കൂടി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വാഡെ മേഖലയിലെ കുടുംബങ്ങൾ തമ്മിലുള്ള തർക്കമാണ് വലിയ രീതിയിലുള്ള കലാപത്തിലേക്ക് നീങ്ങിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നിലവിൽ പ്രദേശം പോലീസിന്റെ പൂർണ്ണ നിയന്ത്രണത്തിലാണെന്നും സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം അക്രമങ്ങൾ ഇനി അനുവദിക്കില്ലെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും നോർത്തേൺ ടെറിട്ടറി പോലീസ് വക്താവ് അറിയിച്ചു.

