സിഡ്നി, ന്യൂ സൗത്ത് വെയില്‍സ് ബോണ്ടായി ബീച്ചില്‍ ഞായറാഴ്ച വൈകുന്നേരം നടന്ന ഭീകരാക്രമണത്തിനിടെ, സ്വയരക്ഷയെക്കുറിച്ച് ചിന്തിക്കാതെ, മറ്റുള്ളവരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ 43-കാരനായ അഹമ്മദ് അല്‍-അഹമ്മദിനെ രാജ്യം ഒന്നടങ്കം പ്രശംസിച്ചു. സിഡ്നിയിലെ ഒരു പലചരക്ക് കടയുടമയായ ഇദ്ദേഹം ഭീകരനെ നിരായുധനാക്കാന്‍ വേണ്ടി സ്വന്തം ജീവന് പണയം വെച്ചതിലൂടെ നിരവധി ജീവനുകള്‍ രക്ഷിച്ചു എന്നാണ് അധികൃതര്‍ കരുതുന്നത്.
ഹനുക്ക ആഘോഷത്തിനിടെ രണ്ട് സായുധര്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തപ്പോഴാണ് ആക്രമണം നടന്നത്. പ്രദേശത്ത് കാപ്പി കുടിക്കാന്‍ വന്ന സിറിയന്‍ വംശജനും ഓസ്ട്രേലിയന്‍ പൗരനുമായ അഹമ്മദ് അല്‍-അഹമ്മദ്, ഭയന്ന് ഓടുന്നതിന് പകരം, അക്രമികളിലൊരാളെ നേരിടാന്‍ മുന്നോട്ട് വരുന്ന രംഗങ്ങള്‍ ദൃക്സാക്ഷി വിവരണങ്ങളിലും വൈറലായ വീഡിയോകളിലും വ്യക്തമാണ്.
അതിജീവനത്തിന്റെ സഹജാവബോധത്തെ ധിക്കരിച്ചുകൊണ്ട്,അദ്ദേഹം നിമിഷങ്ങള്‍ക്കകം തോക്കുധാരിയുടെ അടുത്തേക്ക് പാഞ്ഞടുക്കുകയും,അയാളില്‍ നിന്ന് ആയുധം പിടിച്ചെടുത്ത് അയാളുടെ നേര്‍ക്ക് തന്നെ ചൂണ്ടുകയും ചെയ്തു. ഇത് ഭീകരനെ പിന്‍വാങ്ങാന്‍ നിര്‍ബന്ധിതനാക്കി.
ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ക്രിസ് മിന്‍സ് ഈ ധീരതയെ പ്രശംസിച്ചു: ‘അദ്ദേഹം ഒരു യഥാര്‍ത്ഥ ഹീറോയാണ്. അദ്ദേഹത്തിന്റെ ധീരത കാരണമാണ് നിരവധി ആളുകള്‍ ഇന്ന് ജീവനോടെ ഇരിക്കുന്നത് എന്നതില്‍ എനിക്ക് സംശയമില്ല. മനുഷ്യന്റെ ഏറ്റവും മോശം മുഖവും, അതേ സമയം, അഹമ്മദ് അല്‍-അഹമ്മദ് അപകടത്തിലേക്ക് ഓടിയെത്തിയതിലൂടെ മനുഷ്യന്റെ ഏറ്റവും നല്ല മുഖവും ഞങ്ങള്‍ കണ്ടു.’
ആക്രമണത്തിനിടെ രണ്ടാമത്തെ അക്രമിയുടെ വെടിയേറ്റ് അഹമ്മദ് അല്‍-അഹമ്മദിന് കൈയിലും കൈത്തണ്ടയിലും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. നിലവില്‍ അദ്ദേഹം സുഖം പ്രാപിച്ചു വരുന്നു.പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ‘നമ്മുടെ രാജ്യത്തിന്റെ ഏറ്റവും മികച്ച മാതൃക’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.തിന്മ പ്രവര്‍ത്തിച്ച ഒരു നിമിഷത്തില്‍, മനുഷ്യന്റെ കരുത്തിന്റെ ഉദാഹരണമായി അദ്ദേഹം തിളങ്ങി നില്ക്കുന്നു,’ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
മനുഷ്യത്വപരമായ കാരണങ്ങളാല്‍’ ആണ് താന്‍ പ്രവര്‍ത്തിച്ചതെന്നും ‘ആളുകള്‍ മരിക്കുന്നത് കണ്ടുനില്ക്കാന് കഴിഞ്ഞില്ല’ എന്നും അല്‍-അഹമ്മദ് പ്രതികരിച്ചു.

