എഐ ഉച്ചകോടി ചൈനീസ് വിപണിയാക്കി മാറ്റി; കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ്

ന്യൂഡൽഹി: ഇന്ത്യ-എഐ ഇംപാക്ട് ഉച്ചകോടിയെ (India-AI Impact Summit) രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. ഉച്ചകോടി ഒരു ‘ക്രമരഹിതമായ പിആർ മാമാങ്കമായി’ മാറിയെന്നും ചൈനീസ് ഉൽപ്പന്നങ്ങളെ ഇന്ത്യൻ കണ്ടുപിടുത്തങ്ങളായി അവതരിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.

ഗൽഗോട്ടിയാസ് സർവകലാശാല (Galgotias University) പ്രദർശിപ്പിച്ച ‘ഓറിയോൺ’ (Orion) എന്ന റോബോട്ടിക് നായ യഥാർത്ഥത്തിൽ ചൈനീസ് നിർമ്മിതമായ ‘Unitree Go2’ ആണെന്ന ആരോപണം വലിയ വിവാദമായി. സ്വന്തം നിലയിൽ വികസിപ്പിച്ചെടുത്തതാണെന്ന് അവകാശപ്പെട്ടാണ് ഇത് പ്രദർശിപ്പിച്ചത്.

ചൈനീസ് റോബോട്ടുകളെ ഇന്ത്യയുടേതെന്ന പേരിൽ പ്രദർശിപ്പിക്കുന്നത് ആഗോളതലത്തിൽ രാജ്യത്തെ പരിഹാസ്യമാക്കുകയാണെന്ന് കോൺഗ്രസ് പറഞ്ഞു. ചൈനീസ് മാധ്യമങ്ങൾ പോലും ഇന്ത്യയെ പരിഹസിക്കുന്ന സ്ഥിതിയാണെന്ന് എക്‌സിലെ (X) കുറിപ്പിലൂടെ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

വിവാദം കൊഴുത്തതോടെ, എക്സ്പോയിലെ സ്റ്റാളിൽ നിന്നും ഗൽഗോട്ടിയാസ് സർവകലാശാലയോട് ഒഴിഞ്ഞുപോകാന്‍ അധികൃതർ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഇത്തരം തെറ്റായ പ്രചാരണങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. ഇന്ത്യക്ക് ആഗോളതലത്തിൽ നേതൃത്വം നൽകാൻ കഴിയുന്ന എഐ മേഖലയെ സർക്കാർ തമാശയാക്കി മാറ്റിയെന്നും പാർട്ടി വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *