ന്യൂഡൽഹി: ലോക്സഭയിൽ ഗാന്ധി കുടുംബത്തിനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയ ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കെതിരെ അവകാശലംഘന നോട്ടീസ് നൽകാൻ തീരുമാനിച്ച് കോൺഗ്രസ്. സഭയ്ക്കുള്ളിൽ ബോഫോഴ്സ് ഉൾപ്പെടെയുള്ള വിഷയങ്ങളിലെ പുസ്തകങ്ങൾ ഉയർത്തിക്കാട്ടി പ്രകോപനപരമായ പ്രസംഗം നടത്തിയതിനെതിരെയാണ് നീക്കം.
രാഹുൽ ഗാന്ധി മുൻ കരസേനാ മേധാവി എം.എം. നരവനെയുടെ പുസ്തകം ഉദ്ധരിച്ചതിന് പിന്നാലെയാണ് നിഷികാന്ത് ദുബെ തിരിച്ചടിച്ചത്. ഗാന്ധി കുടുംബത്തെ പ്രതിക്കൂട്ടിലാക്കുന്ന അഞ്ചാറ് പുസ്തകങ്ങളുമായാണ് ദുബെ ഇന്നലെ സഭയിലെത്തിയത്. ജവഹർലാൽ നെഹ്റു മുതൽ രാഹുൽ ഗാന്ധി വരെയുള്ളവർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് കോൺഗ്രസിന്റെ ആരോപണം. നരവനെയുടെ പുസ്തകം ഉദ്ധരിക്കാൻ രാഹുൽ ഗാന്ധിയെ അനുവദിക്കാതിരിക്കുകയും നിഷികാന്ത് ദുബെയ്ക്ക് അധിക്ഷേപങ്ങൾ തുടരാൻ സ്പീക്കർ അനുമതി നൽകുകയും ചെയ്തുവെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. “സർക്കാർ സഭയെ തടസ്സപ്പെടുത്താൻ ആഗ്രഹിക്കുമ്പോഴാണ് നിഷികാന്ത് ദുബെയെ എഴുന്നേൽപ്പിക്കുന്നത്” എന്ന് പ്രിയങ്ക പരിഹസിച്ചു.
സഭയിൽ അംഗമല്ലാത്ത വ്യക്തികളെക്കുറിച്ചും അന്തരിച്ച നേതാക്കളെക്കുറിച്ചും ആക്ഷേപകരമായ രീതിയിൽ സംസാരിക്കുന്നത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നോട്ടീസ് നൽകുന്നത്.
അതേസമയം, രാഹുൽ ഗാന്ധിക്കെതിരെ നിഷികാന്ത് ദുബെയും അവകാശലംഘന നോട്ടീസ് നൽകിയിട്ടുണ്ട്. ഔദ്യോഗികമായി പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകം സഭയിൽ ഉദ്ധരിച്ച് അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് നിഷികാന്ത് ദുബെ നൽകിയ നോട്ടീസിൽ പറയുന്നത്. ബുധനാഴ്ച സഭ പിരിഞ്ഞതിന് പിന്നാലെ വനിതാ എംപിമാരുടെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ നിഷികാന്ത് ദുബെയുടെ ഇരിപ്പിടത്തിന് അരികിലെത്തി പ്രതിഷേധിച്ചു. തുടർന്ന് സ്പീക്കറുടെ ചേംബറിലും ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ രൂക്ഷമായ വാഗ്വാദം നടന്നു.

