തൃശൂര്‍: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞത് സ്വാഭാവികമായ കോടതി നടപടിയുടെ ഭാഗം മാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്.രാഹുലിന് ഒളിത്താവളമൊരുക്കിയത് കോണ്‍ഗ്രസ് ആണെന്നും, കോണ്‍ഗ്രസ് രാഷ്ട്രീയ നേതൃത്വത്തിന്റെ സംരക്ഷണമാണ് രാഹുലിന് ഒളിവിലിരിക്കാന്‍ സഹായകമാകുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
രാഹുല്‍ എവിടെയാണെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് വ്യക്തമായി അറിയാമെന്നും ആ വിവരം പോലീസിനെ അറിയിക്കുകയാണ് അവര്‍ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.തൃശ്ശൂരില്‍ നടന്ന ‘മീറ്റ് ദി പ്രസ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുമ്പോള്‍ അറസ്റ്റ് ചെയ്യുന്നതിന് അതൊരു തടസമല്ല. പക്ഷേ കേരളത്തില്‍ കണ്ടുവരുന്ന രീതി അതിന്റെ തീരുമാനം വരുന്നതുവരെ കാത്തുനില്‍ക്കലാണ്.ഇപ്പോള്‍ ഹൈക്കോടതിയുടെ മുന്‍പില്‍ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിച്ചിരിക്കുകയാണ്. അത് ഹൈക്കോടതി സ്വീകരിച്ച് ഒരു തീയതിയിലേക്ക് കേസ് കേള്‍ക്കുന്നതിനായി വച്ചിരിക്കുകയാണ്.സാധാരണ ഇതാണ് നാട്ടില്‍ കണ്ടുവരുന്ന രീതി. പക്ഷെ ഇവിടെ കോടതി പ്രത്യേകമായി അറസ്റ്റ് നടത്തരുതെന്ന് പറഞ്ഞിരിക്കുകയാണ്. അത് കോടതി നടപടിയുടെ ഭാഗമാണ്.’ – മുഖ്യമന്ത്രി പറഞ്ഞു.

