തിരുവനന്തപുരം: കേരളത്തിന്റെ വികസന സ്വപ്നമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളുടെ സംയുക്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും.
2045ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്ന പദ്ധതികള്‍ 17 വര്‍ഷം മുന്‍പേ, 2028ഓടെ പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി രണ്ട്, മൂന്ന്, നാല് ഘട്ടങ്ങള്‍ ഒരേസമയം നിര്‍മ്മിക്കാനാണ് തീരുമാനം. രണ്ടാം ഘട്ടത്തിനായി മാത്രം ഏകദേശം 9,700 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. അദാനി ഗ്രൂപ്പുമായി ഒപ്പിട്ട ഉപകരാര്‍ പ്രകാരമാണ് നിര്‍മാണം.
രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ തുറമുഖത്തിന്റെ കണ്ടെയ്നര്‍ കൈകാര്യം ചെയ്യാനുള്ള ശേഷി 10 ലക്ഷം ടിഇയുവില്‍ നിന്ന് 50 ലക്ഷം ടിഇയു ആയി വര്‍ദ്ധിക്കും. നിലവിലുള്ള 800 മീറ്റര്‍ ബര്‍ത്ത് 2000 മീറ്ററായി ഉയര്‍ത്തും. ഇതോടെ ഒരേസമയം നാല് കൂറ്റന്‍ മദര്‍ ഷിപ്പുകളെ സ്വീകരിക്കാന്‍ വിഴിഞ്ഞത്തിന് കഴിയും. വലിയ കപ്പലുകള്‍ക്ക് ദീര്‍ഘദൂര യാത്രയ്ക്കിടയില്‍ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യവും ഒരുങ്ങും.
വന്‍കിട യാത്രാ കപ്പലുകള്‍ക്ക് അടുക്കാന്‍ സൗകര്യമൊരുങ്ങുന്നതോടെ വിനോദസഞ്ചാര മേഖലയ്ക്കും വലിയ കുതിപ്പുണ്ടാകുമെന്നാണ് വിലയിരുത്തൽ. 2024 ഡിസംബര്‍ മൂന്നിന് ഒന്നാം ഘട്ടം പ്രവര്‍ത്തനം ആരംഭിച്ച ശേഷം ചുരുങ്ങിയ കാലയളവിനുള്ളില്‍ 15 ലക്ഷത്തിലധികം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്ത് വിഴിഞ്ഞം റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരുന്നു.

