ന്യൂഡൽഹി: ഉത്തർപ്രദേശിലെ സംബാലിലുണ്ടായ വർഗീയ കലാപത്തിലെ വെടിവയ്പുമായി ബന്ധപ്പെട്ട് പോലീസുകാർക്കെതിരേ എഫ്ഐആറിന് ഉത്തരവിട്ട ജഡ്ജിയെ സ്ഥലം മാറ്റിയതു വിവാദത്തിൽ. 2024ലെ കലാപത്തിലുണ്ടായ വെടിവയ്പിൽ 12 പോലീസുകാർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞ ഒന്പതിന് നിർദേശിച്ചതിനു പിന്നാലെയാണ് സംബാൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റായിരുന്ന വിഭാംശു സുധീറിനെ സ്ഥലം മാറ്റിയത്.
ഉത്തരവിന്റെ പേരിൽ ജഡ്ജിയെ സ്ഥലം മാറ്റിയതിനു പിന്നാലെ സംബാലിലെ ഷാഹി ജുമാ മസ്ജിദിന്റെ സർവേ നടത്താൻ ഉത്തരവിട്ട ജഡ്ജി ആദിത്യ സിംഗിനെ പകരക്കാരനായി നിയമിക്കാൻ വിജ്ഞാപനമിറക്കിയതും വിവാദമായി.
കലാപത്തിലേക്ക് നയിക്കപ്പെടുന്നതിനു കാരണമായ സർവേയ്ക്കായി ഉത്തരവിട്ട സിവിൽ കോടതി ജഡ്ജിയായ ആദിത്യ സംബാലിലെ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റായി സ്ഥാനമെടുക്കേണ്ടതായിരുന്നെങ്കിലും വിവാദമായതിനു പിന്നാലെ തീരുമാനം പിൻവലിച്ചിട്ടുണ്ട്. ആഗ്രയിൽനിന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മാത്രം സംബാലിലേക്കു നിയമിക്കപ്പെട്ട വിഭാംശുവിനെ നാലു മാസത്തിനകം സ്ഥലം മാറ്റിയതു ശിക്ഷാനടപടിയാണെന്നാണ് സ്ഥലം മാറ്റത്തിനെതിരേ പ്രതിഷേധിക്കുന്ന അഭിഭാഷകസംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.

