വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വിലയിൽ വീണ്ടും വർധനവ്. 19 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറിന് 49 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടർ വില 1698 രൂപയിൽ നിന്നും 1747 രൂപയായി ഉയർന്നു. വാണിജ്യ സിലിണ്ടറുകളുടെ വില വർധിച്ചപ്പോൾ സാധാരണക്കാർക്ക് ആശ്വാസമായി ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. 14.2 കിലോഗ്രാം സിലിണ്ടറുകൾ പഴയ വിലയിൽ തന്നെ തുടരും.
ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ, കാറ്ററിംഗ് യൂണിറ്റുകൾ എന്നിവയെ ഈ വിലക്കയറ്റം നേരിട്ട് ബാധിക്കും. പ്രവർത്തനച്ചെലവ് ഉയരുന്നത് മൂലം ഭക്ഷണസാധനങ്ങളുടെ വില വർധിപ്പിക്കേണ്ടി വരുമെന്നും, അധിക ചെലവ് ഉപഭോക്താക്കളെ ബാധിക്കാനും സാധ്യതയുണ്ടെന്ന് വ്യാപാര സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയും രൂപയുടെ വിനിമയ നിരക്കും കണക്കിലെടുത്താണ് എണ്ണക്കമ്പനികൾ മാസാവസാനം വില പുതുക്കി നിശ്ചയിക്കുന്നത്. കഴിഞ്ഞ മാസങ്ങളിലും വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വർധനയും കുറവും ഉണ്ടായിട്ടുണ്ട്.

