ഗാസിയാബാദ്: ഓൺലൈൻ ഗെയിമിംഗിന്റെയും മൊബൈൽ അഡിക്ഷന്റെയും ഭീകരമുഖം വെളിപ്പെടുത്തി ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നാടിനെ നടുക്കിയ ദുരന്തം. ടാസ്ക് അടിസ്ഥാനമാക്കിയുള്ള കൊറിയൻ ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട മൂന്ന് സഹോദരിമാർ ഒമ്പതാം നിലയിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി. ഭാരത് സിറ്റി ഏരിയയിലെ ഹൈറൈസ് അപ്പാർട്ട്മെന്റിൽ ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്.
നിഷിക (16), പ്രാച്ചി (14), പാഖി (12) എന്നിവരാണ് മരിച്ച സഹോദരിമാർ. “മമ്മീ, പപ്പാ സോറി” എന്നെഴുതിയ കുറിപ്പ് സംഭവസ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തു. ഗെയിമിലെ അവസാന ഘട്ട ടാസ്കിന്റെ ഭാഗമായാണ് പെൺകുട്ടികൾ ഈ കടുംകൈ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ അപ്പാർട്ട്മെന്റിൽ നിന്ന് വലിയ ശബ്ദം കേട്ട് ഓടിയെത്തിയ സുരക്ഷാ ജീവനക്കാരാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന പെൺകുട്ടികളെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂവരുടെയും ജീവൻ രക്ഷിക്കാനായില്ല.
കുട്ടികൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൊബൈൽ ഫോണിൽ അമിതമായി സമയം ചെലവഴിച്ചിരുന്നതായും പ്രത്യേക തരം കൊറിയൻ ഗെയിമിന് അടിമപ്പെട്ടിരുന്നതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ കുട്ടികളുടെ ഫോണുകൾ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. കുട്ടികളിലെ മൊബൈൽ അഡിക്ഷനെതിരെയും ഇത്തരം അപകടകരമായ ഓൺലൈൻ ഗെയിമുകൾക്കെതിരെയും രക്ഷിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

