യാത്രയ്ക്കിടെ കാറിന് തീപിടിച്ചു; ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

അമ്പലപ്പുഴ: ദേശീയപാതയിൽ യാത്രയ്ക്കിടെ കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന ദമ്പതികൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെ പുന്നപ്ര പറവൂരിൽ വെച്ചായിരുന്നു സംഭവം. അപകടത്തിൽ കാർ പൂർണ്ണമായും കത്തിയമർന്നു. കരുവാറ്റ രേഖാലയം വീട്ടിൽ പ്രദീപ്, ഭാര്യ രേഖ എന്നിവരാണ് കാറിലുണ്ടായിരുന്നത്. കരുവാറ്റയിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുന്നതിനിടെയാണ് കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. പുക കണ്ടയുടൻ പ്രദീപ് കാർ വശത്തേക്ക് ഒതുക്കി നിർത്തുകയും ഇരുവരും വേഗത്തിൽ പുറത്തിറങ്ങുകയും ചെയ്തു. നിമിഷങ്ങൾക്കകം തീ ആളിപ്പടർന്ന് കാർ പൂർണ്ണമായും കത്തിയമർന്നു.വിവരമറിഞ്ഞ് ആലപ്പുഴയിൽ നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീയണച്ചത്. കൃത്യസമയത്ത് പുറത്തിറങ്ങാൻ സാധിച്ചതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്.കാറിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *