ഇരട്ട ലൈംഗിക പീഡനം ഇന്ത്യന്‍ വംശജനായ റസ്റ്റേറന്റ് ഉടമ കുറ്റക്കാരനെന്നു കോടതി

ഹോര്‍ഷാം: ഒരു ബാലികയെയും മറ്റൊരു സ്ത്രീയെയും ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ ഇന്ത്യന്‍ വംശജനായ റസ്‌റ്റേറന്റ് ഉടമയെ കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. നവംബര്‍ പന്ത്രണ്ടിന് കോടതി ശിക്ഷ വിധിക്കുന്നതു വരെ പ്രതി മനോഹരന്‍ ഗുണശീലനെ റിമാന്‍ഡ് ചെയ്തു. ബല്ലാററ്റ് കൗണ്ടി കോടതിയാണ് ഇയാളെ കുറ്റക്കാരനെന്നു കണ്ടെത്തിയിരിക്കുന്നത്. 2014ല്‍ ഓസ്‌ട്രേലിയയില്‍ എത്തിയ മനോഹരന്റെ വീസ റദ്ദാക്കപ്പെടുകയാണെങ്കില്‍ നാടുകടത്തല്‍ നേരിടേണ്ടതായും വരും.
ഹോര്‍ഷാമില്‍ ഇയാള്‍ റൂഹ് ഇന്ത്യന്‍ കണ്ടംപററി എന്നൊരു റസ്‌റ്റോറന്റും ബാറും നടത്തുകയായിരുന്നു. ഉപദ്രവം നേരിട്ട രണ്ടുപേരും ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ തന്നെയായിരുന്നു. 2021 മാര്‍ച്ചിനും 2022 ജനുവരിക്കും മധ്യേയായിരുന്നു രണ്ടു പീഡനങ്ങളും നടക്കുന്നത്. പിന്നീട് 2023ല്‍ മനോഹരന്‍ സ്ഥാപനം അടച്ചു പൂട്ടുകയും ചെയ്തു.
കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുമ്പോള്‍ കോടതിയില്‍ അതിനാടകീയ പ്രതികരണമാണ് ഇയാളില്‍ നിന്നു പലപ്പോഴും ഉണ്ടായത്. ഒരുതവണ കോടതി വരാന്തയിലൂടെ ഓടുകയും കേസ് കേള്‍ക്കാനെത്തിയിരുന്ന കുടുംബാംഗങ്ങളെ കെട്ടിപ്പിടിച്ചു കരയുകയും ചെയ്തിരുന്നു. ടീനേജുകാരിയായ അതിജീവിത കോടതിയില്‍ ഇയാള്‍ക്കെതിരേ ശക്തമായ മൊഴിയാണ് നല്‍കിയത്. ഉപദ്രവത്തിന്റെ മാനസികാഘാതം ഏറെനാള്‍ നീണ്ടു നിന്നുവെന്ന ഈ മൊഴി കോടതി മുഖവിലയ്ക്കു സ്വീകരിക്കുകയായിരുന്നു. ഉപദ്രവത്തെ തുടര്‍ന്ന് തനിക്കു ജോലി ഉപേക്ഷിക്കേണ്ടി വന്നുവെന്നായിരുന്നു പ്രായപൂര്‍ത്തിയായ സ്ത്രീയുടെ മൊഴി.