മൂന്നാം ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന് അനുവദിച്ച മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് അവസാനിച്ചു.
പോലീസ് കസ്റ്റഡി പൂര്‍ത്തിയാക്കിയ ശേഷം ഉച്ചയോടെ അദ്ദേഹത്തെ തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കോടതി ഇദ്ദേഹത്തെ വീണ്ടും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും മാവേലിക്കര സബ് ജയിലിലേക്ക് അയക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.എന്‍.ആര്.ഐ (NRI) യുവതി നല്കിയ പുതിയ പീഡന പരാതിയിലാണ് മൂന്നാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്.വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു,സാമ്പത്തികമായി ചൂഷണം ചെയ്തു, ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്.
ഇന്നലെ വൈകുന്നേരം തിരുവല്ല കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡിന് സമീപമുള്ള ഹോട്ടലില്‍ രാഹുലിനെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. 2024 ഏപ്രിലില്‍ രാഹുല്‍ ‘രാഹുല്‍ ബി. ആര്’ എന്ന പേരില്‍ ഇവിടെ മുറി ബുക്ക് ചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. രാഹുലിന്റെ ജാമ്യാപേക്ഷ കോടതി ജനുവരി 16, വെള്ളിയാഴ്ച പരിഗണിക്കും.കേസിനെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് നേരത്തെ തന്നെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. അദ്ദേഹം എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ, യുവമോര്‍ച്ച തുടങ്ങിയ സംഘടനകള്‍ പ്രതിഷേധം തുടരുകയാണ്.

