അസമിൽ ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യ ‘എമർജൻസി ലാൻഡിംഗ്’ സൗകര്യം ഉദ്ഘാടനം ചെയ്തു

അസം: വടക്കേ ഇന്ത്യയിലെ പ്രതിരോധ-ഗതാഗത മേഖലകളിൽ പുതിയ നാഴികക്കല്ല് കുറിച്ച് വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ എമർജൻസി ലാൻഡിംഗ് സൗകര്യം (ELF) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച രാവിലെ അസമിലെ ഡിബ്രുഗഡ് ജില്ലയിലുള്ള മോറാൻ ബൈപ്പാസിൽ വ്യോമസേനയുടെ C-130J സൂപ്പർ ഹെർക്കുലീസ് വിമാനത്തിൽ നേരിട്ട് ലാൻഡ് ചെയ്താണ് പ്രധാനമന്ത്രി തന്ത്രപ്രധാനമായ പദ്ധതി രാജ്യത്തിന് സമർപ്പിച്ചത്.

ദേശീയ പാത-37-ന്റെ ഭാഗമായി നിർമ്മിച്ച ഈ റൺവേ ചൈനീസ് അതിർത്തിയിൽ നിന്നും മ്യാൻമർ അതിർത്തിയിൽ നിന്നും തന്ത്രപരമായ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. യുദ്ധസാഹചര്യങ്ങളിലും പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുമ്പോഴും അതിവേഗ സൈനിക നീക്കങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ഇത് മുതൽക്കൂട്ടാകും.

4.2 കിലോമീറ്റർ നീളമുള്ള ഈ റൺവേ ഏകദേശം 100 കോടി രൂപ ചിലവഴിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. സുഖോയ്-30 MKI, റഫാൽ തുടങ്ങിയ യുദ്ധവിമാനങ്ങൾക്കും വലിയ ചരക്ക് വിമാനങ്ങൾക്കും ഇവിടെ സുരക്ഷിതമായി ഇറങ്ങാനും പറന്നുയരാനും സാധിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനയുടെ പത്തോളം വിമാനങ്ങൾ പങ്കെടുത്ത ആവേശകരമായ വ്യോമാഭ്യാസ പ്രകടനം നടന്നു. റഫാൽ, സുഖോയ് വിമാനങ്ങൾ റൺവേയിൽ തൊട്ടു പറന്നുയരുന്ന (Touch-and-go) പ്രകടനവും സൈനികരുടെ അഭ്യാസങ്ങളും പ്രധാനമന്ത്രി വീക്ഷിച്ചു

Leave a Reply

Your email address will not be published. Required fields are marked *