ഹവാന: ട്രംപിന് ശക്തമായ മറുപടിയുമായി ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡയസ് കാനൽ. ക്യൂബയ്ക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ഭീഷണിക്കാണ് ക്യൂബൻ പ്രസിഡന്റ് തിരിച്ചടിച്ചത്. ക്യൂബ ഒരു പരമാധികാര രാഷ്ട്രമാണെന്നും എന്ത് ചെയ്യണമെന്ന് മറ്റൊരു രാജ്യവും തങ്ങളോട് ആജ്ഞാപിക്കേണ്ടതില്ലെന്നും അദ്ദേഹം തിരിച്ചടിച്ചു.
മാതൃരാജ്യത്തെ സംരക്ഷിക്കാൻ അവസാന തുള്ളി രക്തം വരെ ഒഴുക്കാൻ ക്യൂബൻ ജനത തയാറാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഹവാന.
വെനസ്വേലയിൽ നിന്നുള്ള സാമ്പത്തിക സഹായങ്ങൾ നിലയ്ക്കുമെന്നും വൈകാതെ അമേരിക്കയുമായി ധാരണയിലെത്തുന്നതാണ് ക്യൂബയ്ക്ക് നല്ലതെന്നുമാണ് ട്രംപ് ക്യൂബയ്ക്ക് മുന്നറിയിപ്പ് നൽകിയത്. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ ഭീഷണി. വെനസ്വേലയിൽ നിന്ന് ഇനി എണ്ണയോ പണമോ ക്യൂബയ്ക്ക് ലഭിക്കില്ലെന്ന് ട്രംപ് തന്റെ പോസ്റ്റിൽ വ്യക്തമാക്കി. എന്നാൽ ക്യൂബയുമായി ബന്ധപ്പെട്ട് പദ്ധതി എന്താണെന്ന് ട്രംപ് വെളിപ്പെടുത്തിയിട്ടില്ല.

