കേരളത്തില്‍ ധാരാളമായി കൃഷിചെയ്യപ്പെടുന്ന ഒരു കിഴങ്ങുവര്‍ഗ്ഗ വിളയാണ് കാച്ചില്‍. ഇത് കുത്തുകിഴങ്ങ്, കണ്ടിക്കിഴങ്ങ്, കാവത്ത് എന്നൊക്കെ അറിയപ്പെടുന്നു.മലയാളികളുടെ ഒരു ഇഷ്ടഭക്ഷണം കൂടിയാണ് കാച്ചില്‍. കാച്ചില്‍ പുഴുങ്ങി കഴിക്കുവാന്‍ ഇഷ്ടമില്ലാത്ത മലയാളികള്‍ കുറവാണ്.
മഞ്ഞ,വെള്ള, ക്രീം,വയലറ്റ് നിറത്തോടുകൂടിയ കാച്ചിലുകളാണ് സാധാരണയായി ഇപ്പോള്‍ കൃഷി ചെയ്തുവരുന്നത്.ഇതുകൂടാതെ ഗന്ധക ശാല അരിയുടെ സുഗന്ധമുള്ള ഗന്ധകശാല കാച്ചിലും ധാരാളമായി ഇന്ന് വയനാട്ടില്‍ കൃഷിചെയ്തുവരുന്നുണ്ട്.
കാച്ചില്‍ ഒരുപാട് വിറ്റാമിനുകളും ധാതുലവണങ്ങളും ധാരാളം നാരുകളും അടങ്ങിയ ഒരു കിഴങ്ങു വര്‍ഗമാണ്.
വള്ളിച്ചെടിയായി പടര്‍ന്ന് വളരുന്ന കാച്ചില്‍ കൃഷി ചെയ്യാന്‍ അധികം സ്ഥലം ആവശ്യമില്ല.വെള്ളയ്ക്കും വയലറ്റിനും സ്വാദ് ഒരുപോലെയാണ് തോന്നിയിട്ടുള്ളത്.എന്നാല്‍, വയലറ്റ് വെള്ളയെക്കാള്‍ നന്നായി വേവുന്നതായി കാണുന്നു.
നടുന്ന വിധം
കാച്ചിലിന്റെ വള്ളിയോടു ചേര്‍ത്ത് മുറിച്ചെടുക്കുന്ന ഭാഗമാണ് നടുന്നത്.അഞ്ച് ഇഞ്ചു നീളത്തില്‍ വേണം മുറിച്ചെടുക്കാന്‍.മുറിച്ചെടുത്ത ഭാഗം ചാണക വെള്ളത്തില്‍ മുക്കി തണലത്ത് ഉണക്കി സൂക്ഷിക്കണം.മാര്‍ച്ച് മെയ് മാസത്തിലാണ് കാച്ചില് നടുന്നത്.
കിഴങ്ങു പറിച്ചു കഴിഞ്ഞാല്‍ മൂക് ചെത്തി ചാണകവെള്ളത്തില്‍ മുക്കിയശേഷം തണലത്തുവച്ച് ഉണക്കി 3 ദിവസം കഴിയുമ്പോള്‍ നടുന്ന പതിവുമുണ്ട്.

പടര്‍ന്നു കയറാനുള്ള ഏതെങ്കിലും മരത്തിനു ചുവട്ടില്‍നിന്ന് 2 അടി മാറ്റി 1 അടി താഴ്ചയും 2 അടി വിസ്താരവുമുള്ള കുഴിയെടുത്ത് അതില്‍ ചാണകപ്പൊടിയും എല്ലുപൊടിയും കരിയിലകളും ചേര്‍ത്തു കുഴിമൂടണം.ഇതിനു മുകളില്‍ നടുവിലായി വിത്ത് കാച്ചില്‍വച്ച് മണ്ണും കരിയിലകളും ചേര്‍ത്ത് ചെറിയ കൂനയാക്കിയശേഷം ചവറിട്ടു മൂടുന്നു.കൂനയില്‍ തെങ്ങിന്റെ മടല്‍ കമഴ്ത്തി വയ്ക്കുകയും ആവാം.ഇതു മണ്ണില്‍ നനവ് നില നിര്‍ത്താനും കൂന നിരന്നുപോവാതിരിക്കാനും സഹായിക്കും.
ആദ്യത്തെ മഴ കിട്ടുന്നതോടെ കാച്ചിലിന് മുള വരും.മുളച്ചു വരുന്ന കാച്ചില്‍ അടുത്തുള്ള മരത്തിലേക്ക് പടര്‍ത്താം.നല്ല വെയില്‍ കിട്ടുന്ന സ്ഥലമാണെങ്കില്‍ നന്നായി വള്ളി വീശും. വള്ളികള്‍ നന്നായി പടരുന്നതിനനുസരിച്ച് കിഴങ്ങിന്റെ വലുപ്പം കൂടും.
വിത്തിനങ്ങള്‍
തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണകേന്ദ്രം കാച്ചില്‍ വര്‍ഗങ്ങളില്‍ ഒട്ടേറെ അത്യുത്പാദനശേഷിയുള്ള ഇനങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. വലിയ കാച്ചില്‍ വര്‍ഗത്തില്‍ ഏറ്റവും രുചികരമായ ഇനമാണ് ശ്രീരൂപ. കുട്ടനാടന്‍ പ്രദേശങ്ങള്‍ക്ക് യോജിച്ചതാണ് ഇന്ദു. ഇടവിളക്കൃഷിക്ക് യോജിച്ചതാണ് ശ്രീകീര്‍ത്തി. ശ്രീകാര്‍ത്തികയും ശ്രീശില്പയും നട്ട് എട്ട്-ഒമ്പത് മാസംകൊണ്ട് വിളവെടുപ്പിനാകും.
ചെറുകിഴങ്ങ് അഥവാ നനക്കിഴങ്ങില്‍ ശ്രീകലയും ശ്രീലതയും നട്ട് എട്ടുമാസത്തിനകം വിളവെടുക്കാം. വെള്ളക്കാച്ചില്‍ അഥവാ ആഫ്രിക്കന്‍ കാച്ചിലില്‍ ശ്രീപ്രിയ തെങ്ങിന്‍തോപ്പില്‍ ഇടവിളക്കൃഷിക്ക് യോജിച്ചതാണ്. ശ്രീശുഭ്ര ഇനത്തിന് വരള്‍ച്ചയെ അതിജീവിക്കാനുള്ള കഴിവുണ്ട്. കുറ്റിച്ചെടിയായി വളരുമെന്ന പ്രത്യേകതയാണ് ശ്രീധന്യക്കുള്ളത്
അത്ര നിസാരക്കാരനല്ല കാച്ചില്‍
വൈറ്റമിന്‍ സി, പൊട്ടാസ്യം, അന്നജം എന്നിവയുടെ കലവറയാണ് കാച്ചില്‍. ഒരു കപ്പ് വേവിച്ച കാച്ചിലില്‍ 140 കാലറി അടങ്ങിയിട്ടുണ്ട്. ഒപ്പം അന്നജം, പ്രോട്ടീന്‍, കൊഴുപ്പ്, നാരുകള്‍, സോഡിയം, പൊട്ടാസ്യം, അയണ്‍, വൈറ്റമിന്‍ എ, സി എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിനുപുറമേ ശക്തിയേറിയ സസ്യ സംയുക്തങ്ങളും, ആന്റി ഓക്സിഡന്റുകളുമുണ്ട്. രക്തസമ്മര്‍ദ്ദവും ഇന്‍ഫ്ളമേഷനും കുറയ്ക്കുന്നതിനും കാച്ചില്‍ കഴിക്കുന്നതിലൂടെ സാധിക്കും.

പണ്ടുകാലത്ത് കാച്ചില്‍ പുഴുങ്ങി മുളകു ചമ്മന്തിയും കൂട്ടി കഴിക്കാനും പുഴുക്ക് ഉണ്ടാക്കാനും മാത്രമേ എടുക്കുമായിരുന്നുള്ളു.എന്നാല്‍,ഇന്ന് കാച്ചില്‍ കൊണ്ട് പലവിധ വിഭവങ്ങള്‍ തയാറാക്കാം. ഹല്‍വ, കേക്ക്, പുഡ്ഡിംഗ്,ഷെയ്ക്ക്, തോരന്‍ മെഴുക്ക് പിരട്ടി, കൊണ്ടാട്ടം…അങ്ങനെ നീളുന്നു കാച്ചില്‍ വിഭവങ്ങള്‍.പഴമക്കാര്‍ മാത്രം ഇഷ്ടപ്പെട്ടിരുന്ന കാച്ചിലിന് പുതിയ രൂപവും രുചിയും ലഭിക്കുമ്പോള്‍ പുതുതലമുറയുടെ കൂടി ഇഷ്ടങ്ങളില്‍ ഒന്നായി മാറും കാച്ചില്‍ വിഭവങ്ങള്‍.

