ലണ്ടന്‍: ലോകമെമ്പാടുമുള്ള ഒട്ടേറെ വിമാനത്താവളങ്ങള്‍ക്ക് ചെക്ക് ഇന്‍, ബോര്‍ഡിങ് സേവനങ്ങള്‍ എത്തിക്കുന്ന കമ്പനിക്കു നേരേ സൈബര്‍ ആക്രമണം നടന്നതിനെ തുടര്‍ന്ന് യൂറോപ്പിലെ നിരവധി വിമാനത്താവളങ്ങളില്‍ സര്‍വീസുകള്‍ക്ക് തടസം നേരിടുന്നു. ഒട്ടനവധി സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഹീത്രൂ ഉള്‍പ്പെടെയുള്ള വളരെ പ്രധാനപ്പെട്ട എയര്‍പോര്‍ട്ടുകളുടെ പോലും പ്രവര്‍ത്തനം ഗണ്യമായി തടസപ്പെട്ടിരിക്കുകയാണ്. സൈബര്‍ ആക്രമണമാണ് നടന്നിരിക്കുന്നതെന്ന് ആദ്യമായി സ്ഥിരീകരിക്കുന്നത് ബല്‍ജിയത്തിലെ ബ്രസല്‍സ് എയര്‍പോര്‍ട്ടാണ്. പത്തു വിമാനങ്ങള്‍ റദ്ദാക്കിയതായും പതിനേഴ് വിമാനങ്ങള്‍ വൈകുന്നതായുമാണ് ബ്രസല്‍സ് അറിയിച്ചത്. ചെക്ക് ഇന്‍, ബോര്‍ഡിങ് സംവിധാനങ്ങളെയാണ് ആക്രമണം ബാധിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഓരോ വിമാനത്താവളത്തിലും ജീവനക്കാര്‍ നേരിട്ട് ചെക്ക് ഇന്‍ നടപടികള്‍ കൈകാര്യം ചെയ്യേണ്ടതായി വന്നിരിക്കുകയാണ്. ജര്‍മനിയിലെ ബെര്‍ലിന്‍ വിമാനത്താവളത്തിലും വ്യോമഗതാഗതം ആകെ കുഴഞ്ഞുമറിഞ്ഞു എന്നാണറിയുന്നത്.
ചെക്ക് ഇന്‍ സേവനദാതാവിനു നേരെ സൈബര്‍ ആക്രമണം, യൂറോപ്പിലെ വിമാനത്താവളങ്ങള്‍ താളം തെറ്റി, വിമാനങ്ങള്‍ റദ്ദാക്കി

