ഡാർവിൻ: പസഫിക് മേഖലയിൽ രൂപംകൊണ്ട ‘നരേൽ’ ചുഴലിക്കാറ്റ് ഓസ്ട്രേലിയൻ തീരങ്ങളിൽ കനത്ത നാശം വിതയ്ക്കുന്നു. ക്വീൻസ്ലൻഡിന് പിന്നാലെ നോർത്തേൺ ടെറിട്ടറിയിലും (NT) ആഞ്ഞടിച്ച കാറ്റ്, വരും ദിവസങ്ങളിൽ പടിഞ്ഞാറൻ ഓസ്ട്രേലിയയെയും (WA) ലക്ഷ്യമിടുന്നതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (BoM) മുന്നറിയിപ്പ്. നോർത്തേൺ ടെറിട്ടറിയിൽ രണ്ടാം തവണയും കരതൊട്ട നരേൽ, മണിക്കൂറിൽ 185 കിലോമീറ്റർ വേഗതയുള്ള കാറ്റുമായി കാറ്റഗറി 3 വിഭാഗത്തിലാണ് ആഞ്ഞുവീശിയത്.
നിലവിൽ കാറ്റിന്റെ തീവ്രത കുറഞ്ഞ് ‘ട്രോപ്പിക്കൽ ലോ’ ആയി മാറിയെങ്കിലും, തിങ്കളാഴ്ചയോടെ ജോസഫ് ബോണപ്പാർട്ട് ഗൾഫ് മേഖലയിൽ എത്തുമ്പോൾ ഇത് വീണ്ടും ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ ഇടത്തരം സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ബിറാനി ബിറാനി മുതൽ നംബുൾവാർ വരെയുള്ള തീരപ്രദേശങ്ങളിൽ അതിശക്തമായ മഴയ്ക്കും ജീവഹാനിയുണ്ടാക്കാൻ സാധ്യതയുള്ള പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും (Flash Flood) സാധ്യതയുണ്ട്. കതറിൻ ലക്ഷ്യമാക്കി നീങ്ങുന്ന കാറ്റ് കിംബർലി മേഖലയിലും വടക്കൻ അതിർത്തി പ്രദേശങ്ങളിലും വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കിയേക്കാം. 90 കിലോമീറ്റർ വേഗതയിൽ വീശിയേക്കാവുന്ന കാറ്റും കനത്ത മഴയും മുന്നിൽക്കണ്ട് പലയിടങ്ങളിലും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
നേരത്തെ കാറ്റ് ആദ്യം ബാധിച്ച ക്വീൻസ്ലൻഡിൽ ജനവാസ മേഖലകളെ വലിയ തോതിൽ ബാധിക്കാതെ കാറ്റ് കടന്നുപോയത് ആശ്വാസമായി. കേപ് യോർക്ക് പെനിൻസുലയിലൂടെ കടന്നുപോയ കാറ്റ് കോയൻ, ലോക്ക്ഹാർട്ട് റിവർ എന്നീ വലിയ പട്ടണങ്ങൾക്കിടയിലൂടെയാണ് നീങ്ങിയത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും 400 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തിയെങ്കിലും വലിയ നാശനഷ്ടങ്ങൾ ഒഴിവായിട്ടുണ്ടെന്ന് പ്രീമിയർ ഡേവിഡ് ക്രിസാഫുള്ളി പറഞ്ഞു. നിലവിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനും വീണുകിടക്കുന്ന മരങ്ങൾ നീക്കം ചെയ്യാനുമുള്ള ശ്രമങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണ്. വെള്ളപ്പൊക്കം കാരണം ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് ഭക്ഷണവും ഇന്ധനവും എത്തിക്കാൻ കുക്തൗൺ വിമാനത്താവളത്തെയാണ് അധികൃതർ പ്രധാനമായും ആശ്രയിക്കുന്നത്. നോർത്തേൺ ടെറിട്ടറിയിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി ക്വീൻസ്ലൻഡ് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

