മൂന്നാം തവണയും കരതൊട്ട് ‘നറെല്ലെ’ ചുഴലിക്കാറ്റ്; വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ കനത്ത നാശനഷ്ടം, വീടുകളുടെ മേൽക്കൂരകൾ പറന്നുപോയി

പെർത്ത്: ചരിത്രത്തിലാദ്യമായി മൂന്ന് തവണ കരതൊട്ട് വിനാശകാരിയായ ‘നറെല്ലെ’ (Narelle) ചുഴലിക്കാറ്റ് ഓസ്‌ട്രേലിയൻ തീരത്ത് ആഞ്ഞടിക്കുന്നു. ക്വീൻസ്‌ലൻഡിലും നോർത്തേൺ ടെറിട്ടറിയിലും നാശം വിതച്ച ശേഷം കടലിലേക്ക് നീങ്ങി വീണ്ടും ശക്തിയാർജ്ജിച്ച നറെല്ലെ, ഇന്ന് ഉച്ചകഴിഞ്ഞ് 3.15-ഓടെ കോറൽ ബേയ്ക്ക് സമീപം കാറ്റഗറി 3 വിഭാഗത്തിൽപ്പെട്ട ശക്തമായ ചുഴലിക്കാറ്റായാണ് മൂന്നാം തവണയും കരയിലേക്ക് പ്രവേശിച്ചത്. നിലവിൽ കാറ്റഗറി 2-ലേക്ക് താഴ്ന്നുവെങ്കിലും മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയുള്ള കാറ്റും പേമാരിയും ഇപ്പോഴും തുടരുകയാണ്.

ഇന്ന് രാവിലെ കാറ്റഗറി 4 തീവ്രതയിൽ എക്സ്മൗത്തിന് 30 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തുകൂടി കടന്നുപോയ കാറ്റ് വൻ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. നിരവധി വീടുകളുടെ മേൽക്കൂരകൾ കാറ്റിൽ പറന്നുപോയി. വർഷങ്ങളായി നിരവധി ചുഴലിക്കാറ്റുകൾക്ക് സാക്ഷ്യം വഹിച്ച പ്രദേശവാസികൾ പോലും തങ്ങളുടെ ജീവിതത്തിൽ അനുഭവിച്ചതിൽ വെച്ച് ഏറ്റവും ഭയാനകമായ സാഹചര്യമാണിതെന്ന് സാക്ഷ്യപ്പെടുത്തി. കനത്ത മഴയെത്തുടർന്ന് പലയിടങ്ങളിലും പെട്ടെന്നുണ്ടായ വെള്ളപ്പൊക്കം (Flash flood) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാർണർവോൺ, ഷാർക്ക് ബേ തുടങ്ങിയ ഇടങ്ങളിൽ മണൽക്കാറ്റ് ആഞ്ഞടിച്ചതിനെത്തുടർന്ന് അന്തരീക്ഷം കടും ചുവപ്പ് നിറത്തിലായി.

തീരദേശ നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച വെസ്റ്റേൺ ഓസ്‌ട്രേലിയൻ പ്രീമിയർ റോജർ കുക്ക്, ദുരിതബാധിതർക്കൊപ്പമാണ് സർക്കാരെന്ന് അറിയിച്ചു. പിൽബറ, ഗാസ്കോയ്ൻ മേഖലകളിൽ നിന്ന് നിരവധി സഹായ അഭ്യർത്ഥനകൾ ലഭിച്ചുവെന്നും എന്നാൽ ഇതുവരെ ആർക്കും പരിക്കേറ്റതായി വിവരമില്ലെന്നും ഫയർ ആൻഡ് എമർജൻസി സർവീസ് കമ്മീഷണർ ഡാരൻ ക്ലെം പറഞ്ഞു. ബാരോ ഐലൻഡിൽ 197 മില്ലിമീറ്ററും അപ്പർ പോർട്ട്ലൻഡിൽ 157 മില്ലിമീറ്ററും മഴ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ഈസ്റ്റർ അവധിക്ക് തൊട്ടുമുമ്പ് ഇത്തരമൊരു ദുരന്തമുണ്ടായത് ടൂറിസം മേഖലയ്ക്കും തിരിച്ചടിയായി.

നിലവിൽ തെക്ക്-കിഴക്ക് ദിശയിലേക്ക് നീങ്ങുന്ന നറെല്ലെ നാളെയോടെ കാറ്റഗറി 1 ലേക്ക് ദുർബലപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. ജെറാൾഡ്‌ടൺ, കൽബാരി തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുപോയി നാളെ രാത്രിയോടെ പടിഞ്ഞാറൻ ഓസ്‌ട്രേലിയൻ തീരത്തുനിന്നും പൂർണ്ണമായും വിട്ടുപോകുന്നതോടെ നറെല്ലെയുടെ അന്ത്യമാകുമെന്ന് മെറ്റീരിയോളജിസ്റ്റ് ക്രിസ്റ്റി ജോൺസൺ അറിയിച്ചു. എങ്കിലും മിനിലിയ റോഡ് ഹൗസ് മുതൽ ജൂറിയൻ ബേ വരെയുള്ള പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *