രാജാപാര്‍ട്ടില്‍ രാജ. മൂന്നാംവട്ടവും സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്

ചണ്ഡീഗഡ്: സിപിഐയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി ഡി രാജ തന്നെ തുടരും. പ്രായപരിധി കര്‍ശനമാക്കിയെങ്കിലും രാജയ്ക്കു മാത്രമായി ഒരു ടേമിനു കൂടി ഇളവ് അനുവദിക്കുകയായിരുന്നു. കേരളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കേണ്ടതിനാല്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേന്ദ്ര സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവായി. പകരം കേരളത്തിന്‍ നിന്നുള്ള കെ. പ്രകാശ് ബാബുവും പി സന്തോഷ് കുമാറും കേന്ദ്ര സെക്രട്ടേറിയറ്റില്‍ എത്തുകയും ചെയ്തു.
2019ലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ അന്നത്തെ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി സ്ഥാനമൊഴിഞ്ഞപ്പോഴാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഡി രാജ ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് 2022ലെ വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസിലും അദ്ദേഹം സ്ഥാനത്തിന് ഇളക്കം തട്ടാതെ തുടര്‍ന്നു. ഇപ്പോഴിതാ ഒരു ടേം കൂടി അനുവദിച്ചു ലഭിക്കുകയും ചെയ്തിരിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്ത് എത്തുന്ന ആദ്യ ദളിത് നേതാവാണ് ഡി രാജ. മലയാളിയായ ദേശീയ നിര്‍വാഹക സമിതി അംഗം ആനി രാജയാണ് ഭാര്യ.