മെൽബൺ: ഇന്ധനവിലയിലെ അമിതമായ വർദ്ധനവ് തടയുന്നതിനും ഉപഭോക്താക്കളെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുമായി വിക്ടോറിയയിൽ പുതിയ ഇന്ധനവില നിയന്ത്രണ നിയമം പ്രാബല്യത്തിൽ വന്നു. പെട്രോൾ പമ്പുകളിൽ ഓരോ ദിവസവും വില വർദ്ധിപ്പിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് പുതിയ നിയമം.
പുതിയ നിയമപ്രകാരം, റീട്ടെയിലർമാർ ഓരോ ദിവസത്തെയും ഇന്ധനവില തലേദിവസം ഉച്ചയ്ക്ക് 2 മണിക്ക് നിശ്ചയിക്കണം. ഈ വില പിറ്റേദിവസം രാവിലെ 6 മണി മുതൽ അടുത്ത 24 മണിക്കൂർ നേരത്തേക്ക് പ്രാബല്യത്തിലുണ്ടാകും. നിശ്ചയിച്ച പരിധിയിൽ കൂടുതൽ വില വർദ്ധിപ്പിക്കാൻ പമ്പുടമകൾക്ക് അനുവാദമുണ്ടാകില്ല. എന്നാൽ നിശ്ചയിച്ച തുകയേക്കാൾ കുറഞ്ഞ വിലയ്ക്ക് ഇന്ധനം വിൽക്കാൻ തടസ്സമില്ല. കുടുംബങ്ങളെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കാനും വർഷം തോറും നൂറുകണക്കിന് ഡോളർ ലാഭിക്കാൻ അവരെ സഹായിക്കാനുമാണ് ഈ നീക്കമെന്ന് പ്രീമിയർ ജസീന്ത അലൻ പറഞ്ഞു.
നിയമം ലംഘിക്കുന്ന അല്ലെങ്കിൽ കൃത്യമായി വില റിപ്പോർട്ട് ചെയ്യാത്ത പെട്രോൾ സ്റ്റേഷനുകൾക്കെതിരെ കനത്ത പിഴ ചുമത്തും. ഓരോ നിയമലംഘനത്തിനും 3,000 ഡോളർ മുതൽ കോടതി നടപടികളിലൂടെ 24,000 ഡോളർ വരെ പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ട്. നിശ്ചയിച്ച വിലവിവരങ്ങൾ എല്ലാ ദിവസവും വൈകുന്നേരം 4 മണിക്ക് സർക്കാരിന്റെ ‘സെർവോ സേവർ’ ആപ്പിൽ പ്രസിദ്ധീകരിക്കും.
യുഎസ്-ഇസ്രായേൽ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള എണ്ണവിലയിൽ 30 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ബാരലിന് 110 യുഎസ് ഡോളർ എന്ന നിരക്കിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ഓസ്‌ട്രേലിയയിൽ ഇന്ധനവില ലിറ്ററിന് 2 ഡോളർ കടന്നതോടെ പലയിടത്തും ജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം ശേഖരിക്കുന്നത് പമ്പുകളിൽ ക്ഷാമത്തിന് കാരണമാകുന്നുണ്ട്. രാജ്യത്ത് നിലവിൽ 36 ദിവസത്തേക്കുള്ള പെട്രോളും 34 ദിവസത്തേക്കുള്ള ഡീസലും മാത്രമേ ശേഖരത്തിലുള്ളൂ എന്ന് ഊർജ്ജ മന്ത്രി ക്രിസ് ബോവൻ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

