ബീജിംഗ്: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ഗ്രാമി പുരസ്കാരം നൽകിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി ചൈന. ഈ പുരസ്കാര നേട്ടം ചൈനയെ അപകീർത്തിപ്പെടുത്താനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ രാഷ്ട്രീയ തന്ത്രമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആരോപിച്ചു.
ആത്മീയതയുടെ മറവിൽ ചൈന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഒരാളെ ആഗോള വേദികളിൽ ആദരിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് ബീജിംഗ് ആരോപിച്ചു. ദലൈലാമയെ ഒരു ‘വിഘടനവാദി’യായാണ് ചൈന കണക്കാക്കുന്നത്. സംഗീത ലോകത്തെ ഏറ്റവും വലിയ പുരസ്കാരമായ ഗ്രാമിയെ രാഷ്ട്രീയം കളിക്കാനുള്ള ആയുധമാക്കി മാറ്റിയെന്ന് ചൈനീസ് ഔദ്യോഗിക വക്താവ് കുറ്റപ്പെടുത്തി. കലയെ രാഷ്ട്രീയ അജണ്ടകൾക്കായി ഉപയോഗിക്കുന്നത് അപലപനീയമാണെന്നും ചൈന അറിയിച്ചു. ടിബറ്റ് ചൈനയുടെ ആഭ്യന്തര വിഷയമാണെന്നും പുറത്തുനിന്നുള്ള ശക്തികൾ ഇത്തരം നടപടികളിലൂടെ ഇതിൽ ഇടപെടാൻ ശ്രമിക്കുന്നത് ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും ചൈന മുന്നറിയിപ്പ് നൽകി.
2026-ലെ ഗ്രാമി അവാർഡ് വേദിയിൽ ദലൈലാമയുടെ മന്ത്രോച്ചാരണങ്ങൾ ഉൾപ്പെടുത്തിയ ആൽബം പുരസ്കാരം നേടിയത് ലോകമെമ്പാടും വലിയ ആവേശമാണ് സൃഷ്ടിച്ചത്. എന്നാൽ ഈ നേട്ടത്തെ രാഷ്ട്രീയമായി നേരിടാനാണ് ചൈനയുടെ തീരുമാനം. ദലൈലാമയുടെ അന്താരാഷ്ട്ര സ്വീകാര്യത വർദ്ധിക്കുന്നതിലുള്ള ചൈനയുടെ അതൃപ്തിയാണ് ഈ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.

