ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ രാജിവെച്ചു; പുതിയ സർക്കാർ രൂപീകരണത്തിന് ചർച്ചകൾ തുടങ്ങി

കോപ്പൻഹേഗൻ: ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ സ്ഥാനമൊഴിഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ ബുധനാഴ്ച രാവിലെ അമലിയൻബർഗ് കൊട്ടാരത്തിൽ വെച്ച് കിംഗ് ഫ്രെഡറിക് പത്താമന് അവർ ഔദ്യോഗികമായി രാജി സമർപ്പിച്ചു. പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.ചൊവ്വാഴ്ച നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കോ സഖ്യത്തിനോ വ്യക്തമായ ഭൂരിപക്ഷം നേടാനായില്ല. ഫ്രെഡറിക്സന്റെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി 38 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും, ഭരിക്കാനാവശ്യമായ 90 സീറ്റുകൾ തികയ്ക്കാൻ ഒരു ബ്ലോക്കിനും സാധിച്ചിട്ടില്ല.പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ മെറ്റെ ഫ്രെഡറിക്സൺ കെയർടേക്കർ പ്രധാനമന്ത്രിയായി തുടരും.രാജിയോടെ പുതിയ സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾക്ക് ഔദ്യോഗികമായി തുടക്കമായി. പന്ത്രണ്ടോളം രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായി രാജാവ് ചർച്ചകൾ നടത്തും. ഇതിന് ശേഷമായിരിക്കും ആര് സർക്കാർ രൂപീകരിക്കണം എന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.

Leave a Reply

Your email address will not be published. Required fields are marked *