കാൻബറ: ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾക്കൊടുവിൽ നാഷണൽസ് പാർട്ടിയുടെ പുതിയ നേതാവായി ക്വീൻസ്‌ലൻഡ് സെനറ്റർ മാറ്റ് കനവൻ തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടി നേതൃസ്ഥാനത്തുനിന്നുള്ള ഡേവിഡ് ലിറ്റിൽപ്രൗഡിന്റെ അപ്രതീക്ഷിത രാജിയെത്തുടർന്ന് ഇന്ന് രാവിലെ ചേർന്ന പാർട്ടി യോഗത്തിലാണ് കനവനെ തിരഞ്ഞെടുത്തത്. ഇതോടെ പാർട്ടിയുടെ ചരിത്രത്തിൽ നേതൃസ്ഥാനത്തെത്തുന്ന ആദ്യത്തെ അപ്പർ ഹൗസ് (സെനറ്റ്) അംഗമെന്ന റെക്കോർഡും കനവൻ സ്വന്തമാക്കി.
ബ്രിഡ്ജറ്റ് മക്കെൻസി, മുൻ ഡെപ്യൂട്ടി കെവിൻ ഹോഗൻ എന്നിവരെ പരാജയപ്പെടുത്തിയാണ് കനവൻ പാർട്ടിയുടെ തലപ്പത്തെത്തിയത്. വിക്ടോറിയൻ എം.പി. ഡാരൻ ചെസ്റ്റർ ഡെപ്യൂട്ടി നേതാവായും തിരഞ്ഞെടുക്കപ്പെട്ടു.
നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നടത്തിയ തന്റെ ആദ്യ പ്രസംഗത്തിൽ കനവൻ തന്റെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കി. “നമുക്ക് കൂടുതൽ ഓസ്‌ട്രേലിയൻ കുഞ്ഞുങ്ങളെ ആവശ്യമുണ്ട്, കൂടുതൽ ഓസ്‌ട്രേലിയൻ തമാശകളും ബാർബിക്യൂകളും വേണം. അത് ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ളതാണെങ്കിൽ പോലും. പരിഹാരങ്ങൾക്കായി നാം വിദേശ രാജ്യങ്ങളിലേക്ക് നോക്കേണ്ടതില്ല,” അദ്ദേഹം പറഞ്ഞു. കൽക്കരി ഇന്ധനങ്ങളുടെയും ഫോസിൽ ഇന്ധനങ്ങളുടെയും ശക്തനായ വക്താവായി അറിയപ്പെടുന്ന കനവൻ, നെറ്റ്-സീറോ നയങ്ങളുടെ കടുത്ത വിമർശകൻ കൂടിയാണ്.
പോളിൻ ഹാൻസന്റെ ‘വൺ നേഷൻ’ പാർട്ടിക്ക് ജനപ്രീതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ആ വെല്ലുവിളിയെ നേരിടുക എന്നതാകും കനവന്റെ പ്രധാന ദൗത്യം. പതിറ്റാണ്ടുകളായി രാഷ്ട്രീയത്തിലുള്ള പോളിൻ ഹാൻസൻ രാജ്യത്തിന് വേണ്ടി എന്ത് നൽകിയെന്ന് അദ്ദേഹം ചോദിച്ചു. “പോളിൻ ഹാൻസൻ നിർമ്മിച്ച ഒരു അണക്കെട്ടോ റോഡോ ആശുപത്രിയോ ചൂണ്ടിക്കാണിക്കാൻ എനിക്ക് കഴിയില്ല. എന്നാൽ ഞാൻ ചെയ്ത കാര്യങ്ങളുടെ വലിയൊരു പട്ടിക തന്നെ എനിക്ക് നൽകാനുണ്ട്,” കനവൻ പറഞ്ഞു.
തനിക്ക് ഇപ്പോൾ വലിയ ഊർജ്ജമില്ലെന്നും മടുത്തുവെന്നുമാണ് രാജി പ്രഖ്യാപിച്ചുകൊണ്ട് ഡേവിഡ് ലിറ്റിൽപ്രൗഡ് പറഞ്ഞത്. നേതൃസ്ഥാനം ഒഴിയുന്നതിൽ തനിക്ക് യാതൊരു ഖേദവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലിറ്റിൽപ്രൗഡിന്റെ പിൻഗാമിയാകാൻ കഴിഞ്ഞ വർഷം കനവൻ ശ്രമിച്ചിരുന്നെങ്കിലും അന്ന് പരാജയപ്പെട്ടിരുന്നു

