സിഡ്‌നി: സിഡ്‌നിയിലെ റോയൽ പ്രിൻസ് ആൽഫ്രഡ് (RPA) ആശുപത്രിയിൽ മാരകമായ പൂപ്പൽ (Lethal mould) ബാധയെത്തുടർന്ന് മൂന്ന് രോഗികൾ മരിക്കുകയും നാലുപേർക്ക് ഗുരുതരമായി രോഗം ബാധിക്കുകയും ചെയ്ത സംഭവം പുറത്തായതോടെ എൻ.എസ്.ഡബ്ല്യു (NSW) സർക്കാരും ആരോഗ്യവകുപ്പും പ്രതിരോധത്തിലായി. കഴിഞ്ഞ വർഷം ഒക്ടോബറിനും ഡിസംബറിനുമിടയിൽ നടന്ന ഈ ആരോഗ്യ ദുരന്തം മറച്ചുവെക്കാൻ അധികൃതർ ശ്രമിച്ചതായും ആശുപത്രികളിലെ ശുചിത്വമില്ലായ്മ ഭയാനകമായ രീതിയിലാണെന്നും ‘7ന്യൂസ്’ പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ആശുപത്രിയിലെ ഒമ്പതാം വാർഡിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികളാണ് ഈ അണുബാധയ്ക്ക് ഇരയായത്. രോഗനിർണ്ണയം നടത്തി ഒരു മാസത്തിനുള്ളിൽ തന്നെ മൂന്ന് രോഗികളും മരണത്തിന് കീഴടങ്ങി. ഒക്ടോബറിനും ഡിസംബറിനുമിടയിൽ ആറ് രോഗികൾക്ക് അണുബാധ ഉണ്ടായെന്നും അതിൽ രണ്ട് പേർ മരിച്ചെന്നുമാണ് സിഡ്‌നി ലോക്കൽ ഹെൽത്ത് ഡിസ്ട്രിക്റ്റ് ഉദ്യോഗസ്ഥ ഡെബ് വിൽകോക്സ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ‘7ന്യൂസ്’ ശേഖരിച്ച അതീവ രഹസ്യമായ ആരോഗ്യരേഖകൾ പ്രകാരം മരണം മൂന്നാണെന്നും ആകെ ഏഴ് കേസുകൾ ഉണ്ടായെന്നും സ്ഥിരീകരിച്ചു.
ഡിസംബറിൽ തന്നെ പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ക്രിസ്മസ് തലേന്ന് ചീഫ് ഹെൽത്ത് ഓഫീസർ ഒരു ക്രൈസിസ് പാനൽ രൂപീകരിച്ചിരുന്നു. ചോദ്യങ്ങൾ ഉയർന്നാൽ നൽകാനായി തയ്യാറാക്കിയ രഹസ്യ പ്രസ്താവനയിൽ മരണങ്ങളെക്കുറിച്ച് ഒരിടത്തും സൂചിപ്പിച്ചിരുന്നില്ല. ഇത് വ്യക്തമായ മൂടിവെക്കലാണെന്നും ഉത്തരവാദിത്തപ്പെട്ടവർ സ്ഥാനമൊഴിയണമെന്നും ഷാഡോ ഹെൽത്ത് മിനിസ്റ്റർ സാറാ മിച്ചൽ ആവശ്യപ്പെട്ടു.
സമീപത്ത് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്ന് ഉയർന്ന ‘ആസ്പർഗിലസ്’ (Aspergillus) സ്പോറുകളാണ് അണുബാധയ്ക്ക് കാരണമായതെന്നാണ് സൂചന. നിലവിൽ എയർ മോണിറ്ററുകൾ മാറ്റുകയും ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തതായും ആശുപത്രി സുരക്ഷിതമാണെന്നും അധികൃതർ അവകാശപ്പെടുന്നു. “നിലവിൽ ആർ.പി.എയിലെ വായു പുറത്തെ വായുവിനേക്കാൾ ശുദ്ധമാണ്,” എന്ന് ഡെബ് വിൽകോക്സ് പറഞ്ഞു.
എന്നാൽ ഈ പ്രശ്നം ആർ.പി.എ ആശുപത്രിയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും സംസ്ഥാനത്തെമ്പാടുമുള്ള ആശുപത്രികളിൽ അധികൃതർ പൂപ്പൽ ബാധയുമായി പോരാടുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റൈഡ് (Ryde), വൊള്ളോംഗോങ് (Wollongong), ജോൺ ഹണ്ടർ ഹോസ്പിറ്റൽ എന്നിവിടങ്ങളിലും പൂപ്പൽ ബാധ കണ്ടെത്തിയിട്ടുണ്ട്. വയോങ് (Wyong) ആശുപത്രിയിൽ അണുബാധ ഭീഷണിയെത്തുടർന്ന് തറ വരെ മാറ്റി സ്ഥാപിക്കേണ്ടി വന്നു. ഫെബ്രുവരി 9-ന് ട്രാൻസ്പ്ലാന്റ് വാർഡ് വീണ്ടും തുറന്നെങ്കിലും ആശുപത്രികളിലെ ശുചിത്വമില്ലായ്മയെക്കുറിച്ച് സർക്കാർ തുറന്നുപറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

