അഡ്ലെയ്ഡ്: സൗത്ത് ഓസ്ട്രേലിയയിലെ മുറെ ബ്രിഡ്ജില്‍ നാലു വര്‍ഷം മുന്‍പ് അന്തരിച്ച മലയാളി വൈദികന്‍ ഫാ. വിമല്‍രാജ് അന്തോണിയടിമയുടെ മരണത്തില്‍ ദുരൂഹതകള്‍ നീക്കാന്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. 2021 ഒക്ടോബറില്‍ തന്റെ ഔദ്യോഗിക വസതിയിലാണ് 53-കാരനായ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദക്ഷിണേന്ത്യയില്‍ നിന്ന് 2018 ഡിസംബറിലാണ് ഫാ. വിമല്‍രാജ് ഓസ്ട്രേലിയയില്‍ എത്തിയത്. ആദ്യം സാലിസ്ബറിയില്‍ അസിസ്റ്റന്റ് പ്രീസ്റ്റായി സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് മുറെ ബ്രിഡ്ജിലേക്ക് നിയമിതനായി.ഒക്ടോബര്‍ മാസത്തില്‍ സഭാംഗങ്ങളും സുഹൃത്തുക്കളും ഇദ്ദേഹത്തെ കുറിച്ച് വിവരമൊന്നുമില്ലാതെ വന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വസതിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മരണത്തില്‍ അസ്വാഭാവികതയുണ്ടോ എന്നും കൃത്യമായ മരണകാരണം എന്താണെന്നും കണ്ടെത്താനാണ് സൗത്ത് ഓസ്ട്രേലിയന്‍ കൊറോണര്‍ കോടതി ഇപ്പോള്‍ വിശദമായ ഇന്‍ക്വസ്റ്റ് നടത്തുന്നത്.
തന്റെ സമുദായത്തിന് പ്രിയങ്കരനായിരുന്ന ഫാ. വിമല്‍രാജിന്റെ വേര്‍പാട് അന്നേറെ ദുഃഖമുണ്ടാക്കിയിരുന്നു. കാലതാമസമുണ്ടായെങ്കിലും ഇപ്പോള്‍ നടക്കുന്ന അന്വേഷണം അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നീതി ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.’ – ഒരു സഭാംഗം പ്രതികരിച്ചു.സൗത്ത് ഓസ്ട്രേലിയയിലെ മലയാളി കത്തോലിക്കാ സമൂഹത്തിനിടയില്‍ ഏറെ ആദരിക്കപ്പെട്ടിരുന്ന വ്യക്തിത്വമായിരുന്നു ഫാ. വിമല്‍രാജ്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ കോടതി നടപടികളിലൂടെ പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്.

