റിയാദ്: മദീനയ്ക്കടുത്ത് ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് ഉണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 45 ആയി ഉയര്‍ന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ 46 പേരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ഒരാള്‍ മാത്രം അത്ഭുതകരമായി രക്ഷപെട്ടതായി ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ വി സി സജ്ജനാര്‍ സ്ഥിരീകരിച്ചു. ഡീസല്‍ ടാങ്കറുമായി കൂട്ടിയിടച്ചതോടെ ബസ് കത്തിയമരുകയായിരുന്നു.
തെലങ്കാനയിലെ ഹൈദരാബാദിലും പരിസരങ്ങളിലും നിന്നുള്ളവരായിരുന്നു ബസിലെ യാത്രക്കാരില്‍ ഭൂരിഭാഗവും. മക്കയില്‍ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്കു മടങ്ങുകയായിരുന്നു അവര്‍. മദീനയില്‍ നിന്നും ഏകദേശം 25 കിലോമീറ്റര്‍ അകലെ മുഫ്രിഹത്ത് എന്ന സ്ഥലത്തുവച്ചാണ് ഞായറാഴ്ച രാത്രി പതിനൊന്നിനാണ് ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിക്കുന്നത്. അപകടത്തില്‍ ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുള്‍ ഷുഹൈബ് മാത്രമാണ് രക്ഷപെട്ടത്. ഇദ്ദേഹം സൗദിയിലെ ജര്‍മന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
നവംബര്‍ ഒമ്പതിനാണ് സംഘം ഹൈദരാബാദില്‍ നിന്നു യാത്ര തിരിക്കുന്നത്. 54 പേരാണ് സംഘത്തിലുണ്ടായിരുന്നത്. അതില്‍ 46 പേരാണ് അപകടത്തില്‍ പെട്ട ബസില്‍ സഞ്ചരിച്ചത്.

