കോഴിക്കോട്: സമൂഹമാധ്യമത്തിലെ ലൈംഗീക ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഷിംജിത മുസ്തഫയ്ക്കെതിരെ പോലീസ് കേസ്. ജീവനൊടുക്കിയ ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയിൽ ആത്മഹത്യാപ്രേരണയ്ക്ക് മെഡിക്കൽ കോളജ് പോലീസ് ആണ് കേസെടുത്തത്.
പോലീസ് ദീപക്കിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തിരുന്നു. അതേസമയം, വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ഫെബ്രുവരി 19 ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമെന്നും കമ്മീഷൻ അറിയിച്ചു. അഡ്വ. വി. ദേവദാസ്, അബ്ദുൾ റഹീം പൂക്കത്ത് എന്നിവർ നൽകിയ പരാതികളിലാണ് നടപടി.
കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്തൊടിയിൽ യു. ദീപക്(42) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബസിനുള്ളിൽ വച്ച് ദീപക് മനഃപൂർവം തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്ന് ആരോപിച്ചാണ് യുവതി സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ പങ്കുവച്ചത്.
വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയതെന്നും ഇതേത്തുടർന്ന് ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. നാട്ടിലും വീട്ടിലും ഇത്തരത്തിലൊന്നും ആരോപണം കേൾക്കാത്ത വ്യക്തിയായിരുന്നു ദീപക് എന്നും ഇവർ പറഞ്ഞു.

