ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ താരലേലത്തില്‍ ഏറ്റവും വിലയേറിയ താരമായി മാറിയത് ദീപ്തി ശര്‍മ. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപ്തിയെ യുപി വാരിയേഴ്‌സ് 3.2 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. ന്യൂസീലാന്‍ഡ് ബാറ്റര്‍ അമേലിയ കെറിനെ മൂന്നു കോടി രൂപയ്ക്ക് മുംബൈ ടീമിലെടുത്തു. ഇന്ത്യന്‍ നായിക ഹര്‍മന്‍ പ്രീത് കൗറിനെ മുംബൈയും ഉപനായിക സ്മൃതി മന്ദാന, റിച്ച ഘോഷ് എന്നിവരെ ആര്‍സിബിയും ബാറ്റര്‍മാരായ ജമീമ റോഡ്രിഗ്‌സ്, ഷഫാലി വര്‍മ എന്നിവരെ ഡല്‍ഹി ക്യാപിറ്റല്‍സും ലേലത്തിനു വിടാതെ അതതു ടീമുകള്‍ നിലനിര്‍ത്തിയിരുന്നു.
മലയാളി താരങ്ങളില്‍ ഏറ്റവും തിളങ്ങിയത് ലെഗ് സ്പിന്നറായ ആശ ശോഭനയാണ്. ബെഗളൂരു ആര്‍സിബിയുടെ താരമായിരുന്ന ആശയെ 1.10 കോടി രൂപയ്ക്ക് യുപി വാരിയേഴ്‌സാണ് സ്വന്തമാക്കിയത്. മുപ്പതു ലക്ഷം രൂപ അടിസ്ഥാന വിലയായി ലേലത്തിലെത്തിയ ആശയ്ക്കാണ് ഇത്രയും ഉയര്‍ന്ന പ്രതിഫലം ലഭിച്ചിരിക്കുന്നത്. ഓള്‍ റൗണ്ടറായ സജന സജീവനെ 75 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചു. അതേസമയം മറ്റൊരു മലയാളി താരമായ മിന്നു മണിയെ ഏറ്റെടുക്കാന്‍ ആരും വന്നതേയില്ല.

