ന്യൂഡൽഹി: കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ മകൾ ഹിമയാനി പുരിക്കെതിരെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി നടക്കുന്ന അപവാദ പ്രചാരണങ്ങൾക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ഹിമയാനിയെ ബന്ധിപ്പിച്ചുകൊണ്ടുള്ള വ്യാജവും അപകീർത്തികരവുമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് 10 കോടി രൂപയുടെ മാനനഷ്ട ഹർജി നൽകിയിരിക്കുന്നത്.
ഫെബ്രുവരി 22 മുതൽ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഹിമയാനി പുരിക്കെതിരെ ആസൂത്രിതമായ പ്രചാരണം നടക്കുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ജെഫ്രി എപ്സ്റ്റീനുമായി ഇവർക്ക് ബിസിനസ്സ്, സാമ്പത്തിക അല്ലെങ്കിൽ വ്യക്തിപരമായ ബന്ധമുണ്ടെന്ന തരത്തിലുള്ള വ്യാജ വാർത്തകളാണ് പ്രചരിക്കുന്നത്.
എക്സ് (X), മെറ്റ (Meta), ഗൂഗിൾ, ലിങ്ക്ഡ് ഇൻ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഇത്തരം ഉള്ളടക്കങ്ങൾ ആഗോളതലത്തിൽ തന്നെ നീക്കം ചെയ്യണമെന്ന് ഹിമയാനി ആവശ്യപ്പെട്ടു. കൂടാതെ, കുറ്റവാളികളെ കണ്ടെത്താൻ ‘ജോൺ ഡോ’ (John Doe) ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഹർജിയിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.തന്റെ പ്രതിച്ഛായ തകർക്കാൻ ബോധപൂർവ്വം എഡിറ്റ് ചെയ്ത വീഡിയോകളും വ്യാജ തംബ്നെയിലുകളും ഉപയോഗിച്ചാണ് പ്രചാരണം നടത്തുന്നതെന്നും, ഹിമയാനി ജോലി ചെയ്തിരുന്ന സ്ഥാപനത്തിന് എപ്സ്റ്റീനിൽ നിന്ന് ഫണ്ട് ലഭിച്ചു എന്നതടക്കമുള്ള ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും കോടതിയെ അറിയിച്ചു.
അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയവർ നിരുപാധികം മാപ്പ് പറയണമെന്നും 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ആവശ്യം.കേന്ദ്രമന്ത്രിയുടെ മകൾ എന്ന നിലയിൽ തന്നെയും കുടുംബത്തെയും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രേരിതവും ആസൂത്രിതവുമായ നീക്കമാണിതെന്ന് ഹിമയാനി പുരി കോടതിയിൽ ബോധിപ്പിച്ചു. കേസ് ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

