സിഡ്‌നി: ലോസ് ഏഞ്ചൽസിൽ നിന്നും സിഡ്‌നിയിലേക്ക് പറന്ന ഡെൽറ്റ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ (Turbulence) പെട്ട് ഉലഞ്ഞതിനെത്തുടർന്ന് മൂന്ന് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനം ഇറങ്ങാൻ തയ്യാറെടുക്കുന്നതിനിടെയുണ്ടായ ശക്തമായ കുലുക്കത്തിൽ വിമാനത്തിനുള്ളിൽ തെറിച്ചുവീണാണ് ഇവർക്ക് പരിക്കേറ്റത്.
245 യാത്രക്കാരും 15 ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന ഡെൽറ്റ എയർലൈൻസിന്റെ എ350 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ സിഡ്‌നിയിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. ആകാശച്ചുഴിയിൽപ്പെട്ട വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചതോടെ നാല് ഫ്ലൈറ്റ് അറ്റൻഡന്റുമാർക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ പരിക്ക് ഗൗരവകരമാണെന്ന് കണ്ടതിനെത്തുടർന്ന് അവരെ റോയൽ പ്രിൻസ് ആൽഫ്രഡ് ആശുപത്രിയിലേക്ക് മാറ്റി. വിമാനത്തിനുള്ളിൽ ഇവർ വായുവിലേക്ക് തെറിച്ചുപോയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യാത്രക്കാർ ആർക്കും പരിക്കേറ്റിട്ടില്ല.
സംഭവത്തിന് ശേഷം വിമാനം സിഡ്‌നി വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. എൻ.എസ്.ഡബ്ല്യു ആംബുലൻസ് വിഭാഗം വിമാനത്താവളത്തിലെത്തി അഞ്ച് പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും പരിക്കേറ്റ ജീവനക്കാർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുമെന്നും ഡെൽറ്റ എയർലൈൻസ് പ്രസ്താവനയിൽ അറിയിച്ചു. ബുധനാഴ്ച രാത്രി ലോസ് ഏഞ്ചൽസിൽ നിന്ന് പുറപ്പെട്ട വിമാനം ഇന്ന് രാവിലെ 6.48-നാണ് സിഡ്‌നിയിലെത്തിയത്.

