ഡാലസ് : നോര്‍ത്ത് ടെക്‌സസിലെ ഡാലസ്-ഫോര്‍ട്ട് വര്‍ത്ത് (ഡി-എഫ്ഡബ്ല്യു) മേഖലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുള്ളതിനാല്‍ ഞായറാഴ്ച രാവിലെ വരെ ‘ഡെന്‍സ് ഫോഗ് അഡൈ്വസറി’ (Dense Fog Advisory) പ്രഖ്യാപിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 3 മണിക്ക് ആരംഭിക്കുന്ന മൂടല്‍മഞ്ഞ് മുന്നറിയിപ്പ് അന്ന് രാവിലെ 9 മണി വരെ തുടരാനാണ് സാധ്യതയെന്ന് നാഷനല്‍ വെതര്‍ സര്‍വീസ് അറിയിച്ചു.
ഡാലസ്, ഫോര്‍ട്ട് വര്‍ത്ത്, ഫ്രിസ്‌കോ, പ്ലാനോ, മക്കിന്നി, അലന്‍ തുടങ്ങിയ നഗരങ്ങളില്‍ മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്. മൂടല്‍മഞ്ഞ് കാരണം കാഴ്ചാപരിധി കുറയാന്‍ സാധ്യതയുള്ളതിനാല്‍, വേഗത കുറച്ച്, ലോ ബീം ഹെഡ്ലൈറ്റുകള്‍ ഉപയോഗിച്ച്, മുന്‍പിലുള്ള വാഹനങ്ങളുമായി കൂടുതല്‍ അകലം പാലിച്ചു മാത്രമേ വാഹനമോടിക്കാവൂ എന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച രാവിലെയും കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടിരുന്നെങ്കിലും പകല്‍ സൂര്യപ്രകാശമുണ്ടായിരുന്നു. താപനില 58 ഡിഗ്രി ഫാരന്‍ഹൈറ്റിന് അടുത്തെത്തിയ ശേഷം രാത്രിയില്‍ 42 ഡിഗ്രിയിലേക്ക് താഴ്ന്നു.

