തൃശൂര്‍: വരടിയത്ത് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. ഇന്ന് ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ ഇരിക്കേയാണ് കുഞ്ഞ് മരിച്ചത്. വരടിയം കൂവപ്പ പാലത്തിന് സമീപം ബുധനാഴ്ച വൈകിട്ട് ആണ് അപകടം നടന്നത്. ഇരവിമംഗലം നടുവില്‍ പറമ്പില്‍ റിന്‍സന്റെയും, റിന്‍സിയുടെയും മകള്‍ എമിലിയയാണ് മരിച്ചത്.
പിറന്നാള്‍ ആഘോഷിക്കാന്‍ വേണ്ടി വരടിയത്തുള്ള അമ്മവീട്ടില്‍ നിന്ന് ഇരവിമംഗലത്തെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് അപകടം. നവീകരണ ജോലിയുടെ ഭാഗമായി റോഡരികില്‍ കൂട്ടിയിട്ട മണ്‍കൂനയില്‍ കയറിയാണ് ഓട്ടോ മറിഞ്ഞത്. വരടിയം, മുണ്ടൂര്‍ റോഡില്‍ മാസങ്ങളായി നടക്കുന്ന ജോലിയുടെ ഭാഗമായി റോഡിന്റെ ഒരു വശത്ത് ഓവുചാലിനോടു ചേര്‍ന്ന് കുറെ ദൂരം മണ്ണ് കൂനയായി കൂട്ടിയിട്ടിട്ടുണ്ട്.എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ മണ്‍കൂനയില്‍ പിന്‍ചക്രം കയറി ഓട്ടോറിക്ഷ മറിയുക ആയിരുന്നു.
ഓട്ടോയില്‍ ഉണ്ടായിരുന്ന എല്ലാവരും റോഡിലേക്ക് വീണു.ഒപ്പം യാത്ര ചെയ്തിരുന്ന റിന്‍സി,എമിലിയയുടെ സഹോദരന്‍ എറിക്,മുത്തച്ഛന്‍ മേരിദാസ്,ഓട്ടോ ഡ്രൈവര്‍ മനോഹരന്‍ എന്നിവര്‍ക്കു പരുക്കേറ്റു.മുത്തശ്ശന്റെ പരുക്ക് ഗുരുതരമാണ്. അപകടത്തില്‍ കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു.പരുക്കേറ്റവരെ ആദ്യം അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എമിലിയയ്ക്ക് അടിയന്തര ശസ്ത്രക്രിയ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് തൃശൂരില്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചെ 4ന് മരണം സംഭവിച്ചു.

