ഇന്‍ഡോര്‍ന്മ മധ്യപ്രദേശില്‍ മലിനജലം കുടിച്ച് 7 മരണം. ഇന്‍ഡോറിലെ ഭഗീരഥപുരയിലാണു സംഭവം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഭഗീരഥപുരയില്‍ 1100-ല്‍ അധികം പേര്‍ രോഗബാധിതരായിരുന്നു. ഇതില്‍ 111 രോഗികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന് വിളിക്കപ്പെടുന്ന ഇന്‍ഡോറിലെ ഭഗീരഥപുരയില്‍ മലിനജലം ഉപയോഗിച്ച് രോഗികളായ ഏഴുപേര്‍ ഒരാഴ്ചയ്ക്കുള്ളില്‍ മരിച്ചതായി മേയര്‍ പുഷ്യമിത്ര ഭാര്‍ഗവ സ്ഥിരീകരിച്ചു. ”ഒരു തെറ്റുപറ്റിയതായി തോന്നുന്നു. എല്ലാവരും ശാരീരിക ബുദ്ധിമുട്ടുകള്‍ മറികടന്നെന്ന് ഉറപ്പാക്കുന്നതാണ്, ആ വിഷയം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതിനെക്കാള്‍ നല്ലത്. കുറ്റക്കാരെ ആരെയും വെറുതെവിടില്ല” മന്ത്രി കൈലാഷ് വിജയ്‌വര്‍ഗീയ പറഞ്ഞു.
4 ആംബുലന്‍സുകളും മെഡിക്കല്‍ സംഘങ്ങളെയും ഭഗീരഥപുരയില്‍ വിന്യസിച്ചിട്ടുണ്ട്. എല്ലാ രോഗികളുടെയും ചികിത്സാധനം സര്‍ക്കാര്‍ വഹിക്കുമെന്ന് ഭഗീരഥപുരയിലെ എല്ലാ സ്വകാര്യ ആശുപത്രികളെയും അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. ഭഗീരഥപുരയിലെ പ്രധാന ജലവിതരണ പൈപ്പ് ലൈനിന്റെ ഒരു ഭാഗത്ത് ചോര്‍ച്ച കണ്ടെത്തിയിരുന്നെന്നു മുനിസിപ്പല്‍ കോര്‍പറേഷന്‍ കമ്മിഷണര്‍ ദിലീപ് കുമാര്‍ യാദവ് പറഞ്ഞു. ഇതിനു മുകളിലായി ഒരു ശൗചാലയം നിര്‍മിച്ചിരുന്നു. ഈ ചോര്‍ച്ച കാരണമാകാം വെള്ളം മലിനമായതെന്നാണു നിഗമനം.

