തൊടുപുഴയിൽ ജില്ലാതല സ്പോർട്സ് മീറ്റിന് തുടക്കം; ഉദ്ഘാടനം ശനിയാഴ്ച

തൊടുപുഴ: കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലയത്തിന് കീഴിലുള്ള മൈ ഭാരത് ഇടുക്കിയുടെ നേതൃത്വത്തിൽ തൊടുപുഴ സോക്കർ സ്കൂളിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാതല സ്പോർട്സ് മീറ്റിന് തുടക്കമാകുന്നു. കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് ഫൈസൽ നിർവഹിക്കും. ജില്ലയിലെ വിവിധ ബ്ലോക്ക് തല മത്സരങ്ങളിൽ വിജയികളായ കായിക പ്രതിഭകളാണ് ഈ ജില്ലാതല മീറ്റിൽ മാറ്റുരയ്ക്കുന്നത്.

മേളയുടെ ഭാഗമായുള്ള വോളിബോൾ മത്സരങ്ങൾ ഏഴാം തീയതി മുട്ടം ഡീ പോൾ പബ്ലിക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഫുട്ബോൾ, അത്ലറ്റിക്സ് മത്സരങ്ങൾ സോക്കർ സ്കൂൾ ഗ്രൗണ്ടിലും പെൺകുട്ടികൾക്കായുള്ള ഷട്ടിൽ മത്സരങ്ങൾ തൊടുപുഴ ന്യൂമാൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന കായികമാമാങ്കത്തിന് എട്ടാം തീയതി ഞായറാഴ്ച സമാപനമാകും. സമാപന സമ്മേളനവും വിജയികൾക്കുള്ള സമ്മാനവിതരണവും ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് നിർവഹിക്കും. ബ്ലോക്ക് തല മത്സരങ്ങളിൽ വിജയിച്ച് ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ കൂടുതൽ വിവരങ്ങൾക്കായി മൈ ഭാരത് ജില്ലാ ഓഫീസുമായോ സോക്കർ സ്കൂളുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. വിവരങ്ങൾക്ക് 9447522815 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *