ന്യൂഡല്‍ഹി: ശ്രീലങ്കന്‍ തീരത്ത് അതിഭീകരമായ നാശം വിതച്ച ദിത്വ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ നാഗപട്ടണം വേദാരണ്യത്തിന് 80 കിലോമീറ്റര്‍ അകലെയുള്ള ചുഴലിക്കാറ്റ് പുലര്‍ച്ചെയോടെ വടക്കന്‍ തമിഴ്നാട് തീരത്ത് എത്തുമെന്നു കണക്കാക്കുന്നത്. ഇതിന്റെ ഭാഗമായി മണിക്കൂറില്‍ എണ്പതു കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനാണ് സാധ്യത.തമിഴ്നാട് തീരത്തും പുതുച്ചേരിയിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. തിങ്കളാഴ്ച വരെ കാറ്റും മഴയും തുടരുമെന്ന് കണക്കാക്കുന്നു.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈ അടക്കം പതിമൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണുള്ളത്. ആകെ ആറായിരം ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. വിവിധ സ്ഥലങ്ങളിലായി ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും ഏതൊരു അത്യാഹിതാവസ്ഥയെയും നേരിടാന്‍ തയാറായി നില്‍ക്കുകയാണ്.
അതേസമയം ദിത്വ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മരണ സംഖ്യം നൂറു കടന്നതായാണ് റിപ്പോര്‍ട്ട്. കൊളംബോ നഗരം പ്രളയ ഭീതിയിലാണ്ടിരിക്കുകയാണ്. ഡിസംബര്‍ 16 വരെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

