ചരിത്രമെഴുതി ജോക്കോവിച്ച്; 400 ഗ്രാന്‍ഡ്സ്ലാം വിജയങ്ങള്‍ എന്ന വിസ്മയ നേട്ടം

മെല്‍ബണ്‍: ലോക ടെന്നീസ് ചരിത്രത്തില്‍ സമാനതകളില്ലാത്ത മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് സെര്‍ബിയന്‍ ഇതിഹാസം നോവാക് ജോക്കോവിച്ച്. ശനിയാഴ്ച നടന്ന ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് പോരാട്ടത്തില്‍ നെതര്‍ലന്‍ഡിന്റെ ബോട്ടിക് വാന്‍ ഡി സാന്‍ഡ്ഷള്‍പ്പിനെ പരാജയപ്പെടുത്തിയതോടെ, ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളില്‍ 400 സിംഗിള്‍സ് വിജയങ്ങള്‍ നേടുന്ന ലോകത്തിലെ ആദ്യ പുരുഷ താരമായി ജോക്കോവിച്ച് മാറി.

റോഡ് ലാവര്‍ അരീനയില്‍ നടന്ന മൂന്നാം റൗണ്ട് മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു (63, 64, 76) ജോക്കോവിച്ചിന്റെ ജയം. മെല്‍ബണിലെ കനത്ത ചൂട് കാരണം സ്റ്റേഡിയത്തിന്റെ റൂഫ് അടച്ചിട്ടാണ് മത്സരം നടത്തിയത്. ആദ്യ രണ്ട് സെറ്റുകള്‍ അനായാസം കൈക്കലാക്കിയ ജോക്കോവിച്ചിനെ മൂന്നാം സെറ്റില്‍ ടൈബ്രേക്കറിലേക്ക് നീട്ടിക്കൊണ്ട് സാന്‍ഡ്ഷള്‍പ്പ് പ്രതിരോധിച്ചെങ്കിലും, തന്റെ അനുഭവസമ്പത്ത് വച്ച് സെര്‍ബിയന്‍ താരം വിജയം ഉറപ്പിച്ചു.ഈ വിജയത്തോടെ രണ്ട് പ്രധാന റെക്കോര്‍ഡുകളാണ് ജോക്കോവിച്ചിനെ തേടിയെത്തിയത്:

നാല് പ്രധാന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളിലുമായി (ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍) 400 ജയങ്ങള്‍ നേടുന്ന ഏക പുരുഷ താരം. ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ താരമെന്ന റോജര്‍ ഫെഡററുടെ (102 ജയങ്ങള്‍) റെക്കോര്‍ഡിനൊപ്പം ജോക്കോവിച്ച് എത്തി. അടുത്ത റൗണ്ടിലും ജയിച്ചാല്‍ ഈ റെക്കോര്‍ഡില്‍ അദ്ദേഹം ഒന്നാമനാകും.

മൂന്ന് വ്യത്യസ്ത ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളില്‍ 100-ലധികം വിജയങ്ങള്‍ നേടുന്ന ആദ്യ താരം എന്ന അപൂര്‍വ്വ നേട്ടവും ഈ ആഴ്ച ജോക്കോവിച്ച് സ്വന്തമാക്കിയിരുന്നു. പ്രീ-ക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ യുവതാരം ജാക്കൂബ് മെന്‍സിക്കാണ് ജോക്കോവിച്ചിന്റെ എതിരാളി.

Leave a Reply

Your email address will not be published. Required fields are marked *