കൊച്ചി: മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹ അഭ്യർത്ഥന നടത്തി കൊച്ചിയിലെ യുവ ഡോക്ടറിൽ നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്ത രാജ്യാന്തര സൈബർ സംഘം പിടിയിൽ. കംബോഡിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘത്തിലെ മലയാളി യുവാവിനെയും പണം പിൻവലിക്കാൻ സഹായിച്ച കൂട്ടാളികളെയുമാണ് കൊച്ചി സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.
മാട്രിമോണിയൽ സൈറ്റ് വഴി ‘എൻ.ആർ.ഐ’ യുവതിയെന്ന വ്യാജേന ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ചാണ് തട്ടിപ്പ് തുടങ്ങിയത്. ട്രേഡിംഗിലൂടെ വലിയ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് വ്യാജ വെബ്സൈറ്റ് വഴി 37 ലക്ഷം രൂപ നിക്ഷേപിപ്പിക്കുകയായിരുന്നു. പിന്നീട് പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് ഡോക്ടർ പോലീസിനെ സമീപിച്ചത്.
കംബോഡിയൻ തലസ്ഥാനമായ ഫ്‌നോം പെൻ ആസ്ഥാനമായി ചൈനീസ് സംഘത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന വൻ സൈബർ മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണത്തിൽ പുറത്തുവന്നു. മലയാളികൾ ഉൾപ്പെടെ ആറായിരത്തിലധികം പേർ ഇത്തരം ക്യാമ്പുകളിൽ പ്രവർത്തിക്കുന്നുണ്ട്. വിസിറ്റിംഗ് വിസയിൽ വിദേശത്തെത്തിച്ച് ഹോട്ടൽ ജോലിയെന്ന് വിശ്വസിപ്പിച്ചാണ് ഇവരെ തട്ടിപ്പിന്റെ ഭാഗമാക്കുന്നത്. നിർദ്ദേശങ്ങൾ പാലിക്കാത്തവർക്ക് ക്രൂരമായ മർദ്ദനമേൽക്കേണ്ടി വരാറുണ്ടെന്നും പോലീസ് കണ്ടെത്തി.
തട്ടിപ്പിന് നേതൃത്വം നൽകിയ മലയാളി യുവാവ് ഇന്ത്യയിലെത്തിയ ഉടൻ പോലീസ് പിടികൂടി. പിന്നാലെ ആലപ്പുഴ അരൂർ, കോഴിക്കോട് പന്തീരാങ്കാവ്, മലപ്പുറം വളാഞ്ചേരി എന്നിവിടങ്ങളിൽ നിന്ന് ഇയാളുടെ കൂട്ടാളികളെയും 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ഡി.സി.പി അശ്വതി ജിജി, സൈബർ ക്രൈം എ.സി.പി സുൽഫിക്കർ, ഇൻസ്പെക്ടർ ഷമീർഖാൻ പി.എ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
പോലീസ് നൽകുന്ന മുന്നറിയിപ്പ്:
പണം വാങ്ങി സ്വന്തം ബാങ്ക് അക്കൗണ്ടുകൾ മറ്റുള്ളവർക്ക് നൽകുന്നത് അതീവ ഗുരുതരമായ കുറ്റമാണ്. ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകും.
ഓൺലൈൻ തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന ഹെൽപ്‌ലൈൻ നമ്പരിലോ www.cybercrime.gov.in എന്ന പോർട്ടലിലോ പരാതി രജിസ്റ്റർ ചെയ്യുക.

