ഇറാനെതിരായ യുദ്ധം ഉടൻ അവസാനിക്കുമെന്ന് ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ സൈനിക നടപടികൾ അവസാനത്തോടടുക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്ക നടത്തുന്ന ശക്തമായ സൈനിക നീക്കങ്ങൾ ഇറാന്റെ പ്രതിരോധ ശേഷിയെ ഏതാണ്ട് പൂർണ്ണമായും തകർത്തിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘ന്യൂയോർക്ക് ടൈംസിന്’ നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.അമേരിക്കൻ സേന ഇനി അധികനാൾ ഇറാനിൽ തുടരില്ലെന്ന് ട്രംപ് പറഞ്ഞു. ശത്രുപക്ഷത്തിന് വലിയ തോതിലുള്ള ആക്രമണങ്ങൾ നടത്താനുള്ള ശേഷി നിലവിൽ ഇല്ല. ഹോർമുസ് കടലിടുക്കിൽ നിന്ന് യുഎസ് പിന്മാറുന്നതോടെ അവിടുത്തെ പ്രശ്നങ്ങൾ സ്വയം പരിഹരിക്കപ്പെടും. ഇതോടെ ഈ ജലപാതയെ ആശ്രയിക്കുന്ന മറ്റു രാജ്യങ്ങൾക്ക് തങ്ങളുടെ കാര്യങ്ങളിൽ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, ഇറാനിലെ സൈനിക നടപടികളുടെ സാമ്പത്തിക ബാധ്യത പങ്കിടാൻ ഗൾഫ് രാജ്യങ്ങളോട് ആവശ്യപ്പെട്ടേക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റ് സൂചിപ്പിച്ചു. കുവൈറ്റ്, യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ യുദ്ധച്ചെലവ് വഹിക്കണമോ എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്നാണ് റിപ്പോർട്ടുകൾ.ഇറാനുമായുള്ള യുദ്ധത്തിൽ വരും ദിവസങ്ങൾ അതീവ നിർണ്ണായകമാണെന്ന് യുഎസ് പ്രതിരോധ സെക്രെട്ടറി പീറ്റ് ഹെഗ്‌സെത്തും വ്യക്തമാക്കി. ശത്രുവിനെ പൂർണ്ണമായും തുരത്താൻ അമേരിക്കൻ കരസേനയെ നേരിട്ട് യുദ്ധക്കളത്തിൽ ഇറക്കുന്ന കാര്യം തള്ളിക്കളയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സൈനിക തന്ത്രങ്ങൾ മുൻകൂട്ടി വെളിപ്പെടുത്താൻ കഴിയില്ലെന്നും ഹെഗ്‌സെത്ത് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ അദ്ദേഹം രഹസ്യ സന്ദർശനം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *