അമേരിക്കന്‍ കമ്പനികളില്‍ നിന്ന് വെനസ്വേല പിടിച്ചെടുത്ത എണ്ണപ്പാടങ്ങളുടെയും ആസ്തികളുടെയും അവകാശങ്ങള്‍ തിരികെ നല്‍കണം; ഡൊണാള്‍ഡ് ട്രംപ്

വെനസ്വേലന്‍ നയത്തില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഹ്യൂഗോ ചാവേസിന്റെ കാലത്ത് (2007ല്‍) അമേരിക്കന്‍ കമ്പനികളില്‍ നിന്ന് വെനസ്വേല പിടിച്ചെടുത്ത എണ്ണപ്പാടങ്ങളുടെയും ആസ്തികളുടെയും അവകാശങ്ങള്‍ തിരികെ നല്‍കണമെന്നാണ് ട്രംപിന്റെ പുതിയ ആവശ്യം. ”ഞങ്ങള്‍ക്ക് അവിടെ ധാരാളം എണ്ണ അവകാശങ്ങള്‍ ഉണ്ടായിരുന്നു, അവര്‍ അത് പിടിച്ചെടുത്തു, അത് ഞങ്ങള്‍ക്ക് തിരികെ വേണം,” എന്ന് ട്രംപ് വ്യക്തമാക്കി. ഈ നീക്കത്തിന്റെ ഭാഗമായി, സാങ്ക്ഷന്‍ഡ് എണ്ണ ടാങ്കറുകള്‍ക്കെതിരെ ”സമ്പൂര്‍ണ്ണ ഉപരോധം” (total and complete blockade) അദ്ദേഹം പ്രഖ്യാപിച്ചു.ഉപരോധത്തിന്റെ ആദ്യഘട്ടമായി ‘സ്‌കിപ്പര്‍’ (Skipper) ടാങ്കര്‍ അമേരിക്കന്‍ സേന പിടിച്ചെടുത്തു.

അമേരിക്കയുടെ നടപടികളെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായും എണ്ണ മോഷ്ടിക്കാനുള്ള ശ്രമമായുമാണ് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോ വിശേഷിപ്പിച്ചത്. അമേരിക്കന്‍ ഭീഷണിയെത്തുടര്‍ന്ന് വെനസ്വേലന്‍ നാവികസേന എണ്ണക്കപ്പലുകള്‍ക്ക് അകമ്പടി നല്‍കാന്‍ ആരംഭിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ വലിയ തോതില്‍ സൈനിക വിന്യാസം നടന്നിട്ടുണ്ടെങ്കിലും, അത് മുന്‍ മാസങ്ങളിലെ ലഹരിവിരുദ്ധ നടപടികളുടെ തുടര്‍ച്ചയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വെനസ്വേലന്‍ വിഷയത്തില്‍ അമേരിക്കയുടെ ഏകപക്ഷീയമായ നടപടികളെ കൊളംബിയയും ബ്രസീലും വിമര്‍ശിച്ചിട്ടുണ്ടെങ്കിലും, മദൂറോയുടെ തെരഞ്ഞെടുപ്പിനെ അംഗീകരിക്കാത്തതിനാല്‍ ഈ രാജ്യങ്ങള്‍ വെനസ്വേലയ്ക്ക് നേരിട്ടുള്ള പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം, ആഗോള എണ്ണ വിപണിയിലെ അമേരിക്കന്‍ ഇടപെടലുകള്‍ വെനസ്വേലയില്‍ മാത്രം ഒതുങ്ങുന്നില്ല. റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരെ 50% താരിഫ് ട്രംപ് ഭരണകൂടം ചുമത്തിയിട്ടുണ്ട്. റഷ്യക്കെതിരായ ഉപരോധങ്ങള്‍ പരാജയപ്പെട്ടതും ചൈനയും ഇന്ത്യയും റഷ്യന്‍ എണ്ണ വാങ്ങുന്നതുമാണ് അമേരിക്കയെ പ്രകോപിപ്പിച്ചിരിക്കുന്നത്. വെനസ്വേലയില്‍ എണ്ണ ആധിപത്യം മാത്രമല്ല, മറിച്ച് ലഹരിമരുന്ന് കടത്ത് തടയുക, നഷ്ടപ്പെട്ട പഴയ ആസ്തികള്‍ തിരിച്ചുപിടിക്കുക, മദൂറോ ഭരണകൂടത്തിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സമ്മിശ്ര നയമാണ് അമേരിക്ക നിലവില്‍ നടപ്പിലാക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *