തിരുവനന്തപുരം: യൂ.ഡി.ഫ് ഭരണകാലത്ത് 72,000 കോടി രൂപ മാത്രം കേരളത്തിന് ലഭിച്ചപ്പോള്‍ 2014 – 2024 കാലത്ത് 3.20 ലക്ഷം കോടി രൂപയാണ് മോദി സര്‍ക്കാര്‍ കേരളത്തിന് കൈമാറിയതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പിണറായി ഭരണത്തില്‍ കടന്ന് കേരളത്തെ നശിപ്പിച്ച പത്ത് വര്‍ഷമാണ് രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. പത്ത് കൊല്ലം ഭരിച്ച പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല. ഇപ്പോള്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പത്ത് വര്‍ഷം കൊണ്ട് എന്തുചെയ്തു എന്നു പറയേണ്ടതിന് പകരം കേന്ദ്രസര്‍ക്കാര്‍ പണം തന്നില്ല എന്ന് നുണ പ്രചരിപ്പിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടപ്പോള്‍, നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ തട്ടിപ്പുമായി വന്നിരിക്കുകയാണ്.
കിഫ്ബി, പെന്‍ഷന്‍ കമ്പനി, പൊതുമേഖലാ സ്ഥാപനങ്ങളുടെ കടബാധ്യത എന്നിവ മൂലമാണ് കേരളത്തിന്റെ കടമെടുപ്പ് പരിധി തീര്‍ന്നു പോകുന്നത്. അല്ലാതെ കേന്ദ്രസര്‍ക്കാര്‍ കട പരിധി വെട്ടിക്കുറക്കുന്നതല്ല.
വികസിത കേരളം, സുരക്ഷിത കേരളം, വിശ്വാസ സംരക്ഷണം എന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബി.ജെ.പി,പിണറായി വിജയനെ ക്ഷണിക്കുകയാണ്. ഇതേ കുറിച്ച് ഒരു തുറന്ന സംവാദത്തിന് ഞങ്ങള്‍ തയ്യാറാണെന്ന് മുഖ്യമന്ത്രിയെ അറിയിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പത്ത് വര്‍ഷം പിന്നിടുമ്പോള്‍ കേരളത്തിന്റെ കടം 5 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് 7 ലക്ഷം കോടി രൂപ കേന്ദ്രം നല്‍കിയിട്ടും പിണറായി സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയുള്ള ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്ന് പിണറായി വിജയന്‍ പറയുന്നത് 12,000 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് കിട്ടിയിട്ടില്ലെന്നാണ്. യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതാണ് അതിനുകാരണം.
സഖാക്കന്‍മാര്‍ക്ക് തോന്നിയപടി ചിലവഴിക്കാനുള്ള സഹകരണ ബാങ്കല്ല കേന്ദ്ര ധനമന്ത്രാലയമെന്ന് മനസിലാക്കണം. പതിനാറായിരം കോടിയുടെ കേന്ദ്ര പദ്ധതികളാണ് പിണറായി സര്‍ക്കാര്‍ ചവിട്ടി വച്ചിരിക്കുന്നതെന്ന് സിഎജി തന്നെ പറഞ്ഞിട്ടുണ്ട്. ഇന്നും 54,000 ലക്ഷം വീട്ടില്‍ കുടിവെള്ളമില്ല, 6,000 കോടി കരാറുകാര്‍ക്ക് കൊടുക്കാന്‍ സര്‍ക്കാരിന് കാശില്ല. 45,000 പേര്‍ ഇന്നും കോളനികളില്‍ ജീവിക്കുന്നു. ജനങ്ങളെ പറഞ്ഞ് പറ്റിക്കുന്ന പരിപാടി പിണറായി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

