ഗര്‍ഭഛിദ്രം സംബന്ധിച്ച നിയമങ്ങളില്‍ വിപ്ലവകരമായ നിരീക്ഷണവുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. വിവാഹിതയായ ഒരു സ്ത്രീക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ ഭര്‍ത്താവിന്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ സമ്മതം ആവശ്യമില്ലെന്നും, സ്ത്രീയുടെ ശാരീരികവും മാനസികവുമായ താല്‍പ്പര്യങ്ങള്‍ക്കാണ് പരമപ്രധാനമായ സ്ഥാനമെന്നും കോടതി വ്യക്തമാക്കി. 1971-ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി നിയമത്തില്‍ എവിടെയും ഭര്‍ത്താവിന്റെ അനുമതി വേണമെന്ന് വ്യവസ്ഥ ചെയ്യുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പഞ്ചാബ് സ്വദേശിയായ 21-കാരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് സുവീര്‍ സെഗാള്‍ ഉത്തരവ് പുറപ്പെടുവിച്ചത്. 2025 മേയില്‍ വിവാഹിതയായ യുവതിക്ക് ഭര്‍ത്താവുമായി കടുത്ത അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. വിവാഹമോചന നടപടികള്‍ക്കിടെ ഗര്‍ഭിണിയായ യുവതി, കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതിനാലാണ് 16 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി കോടതിയെ സമീപിച്ചത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന സാഹചര്യത്തില്‍ കുട്ടിയെ വളര്‍ത്താന്‍ താന്‍ മാനസികമായി തയ്യാറല്ലെന്ന് യുവതി കോടതിയെ ബോധിപ്പിച്ചു.
ഗര്‍ഭാവസ്ഥയുമായി മുന്നോട്ട് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള ഏറ്റവും വലിയ അധികാരം സ്ത്രീക്കാണെന്ന് കോടതി നിരീക്ഷിച്ചു. ഒരു സ്ത്രീ വെറുമൊരു മെഷീനല്ല, ഗര്‍ഭം ധരിക്കാനും അത് തുടരാനും അവള്‍ മാനസികമായി തയ്യാറായിരിക്കണം എന്ന് കോടതി ഊന്നിപ്പറഞ്ഞു.
ഭ്രൂണത്തിന് 20 ആഴ്ചയില്‍ താഴെ മാത്രമേ വളര്‍ച്ചയുള്ളൂ എന്നതിനാല്‍ ഇത് എം.ടി.പി നിയമപ്രകാരം അനുവദനീയമായ സമയപരിധിക്കുള്ളിലാണെന്നും കോടതി നിരീക്ഷിച്ചു. 2022-ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പ്രകാരം വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമല്ല, അവിവാഹിതരായ സ്ത്രീകള്‍ക്കും 24 ആഴ്ച വരെയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ നിയമപരമായ അവകാശമുണ്ട്. ഭര്‍ത്താവിന്റെ പീഡനം മൂലം ഗര്‍ഭഛിദ്രം തേടുന്നവര്‍ക്ക് ഭര്‍ത്താവിന്റെ സമ്മതം ആവശ്യമില്ലെന്ന് നേരത്തെ കേരള ഹൈക്കോടതിയും സമാനമായ വിധി പുറപ്പെടുവിച്ചിരുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഈ പുതിയ ഉത്തരവ് പ്രകാരം ഒരാഴ്ചയ്ക്കുള്ളില്‍ ഗര്‍ഭഛിദ്ര നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ചണ്ഡിഗഡ് പി.ജി.ഐ.എം.ഇ.ആര്‍ അധികൃതര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

