ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് തീവ്രവാദ വിരുദ്ധ സേന ബുധനാഴ്ച അറസ്റ്റ് ചെയ്ത ഡോ. മുഹമ്മദ് ആരിഫ് എംബിബിഎസ് പഠനം നടത്തിയത് തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കല്‍ കോളജിലായിരുന്നെന്നു റിപ്പോര്‍ട്ട്. ജമ്മുവിലെ അനന്ത്നാഗ് സ്വദേശിയാണ് ആരിഫ്. അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷയിലെ റാങ്കിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്ക് പഠനത്തിന് അവസരം ലഭിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു.
തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിലാകുമ്പോള്‍ ആരിഫ് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളജായ ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി മെമ്മോറിയലില്‍ കാര്‍ഡിയോളജി വിഭാഗത്തില്‍ സീനിയര്‍ റസിഡന്റ് ഡോക്ടറായിരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. ഷഹീന് ഷാഹിദിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് ആരിഫുമായി ഇവര്‍ നിരന്തര ബന്ധത്തിലായിരുന്നു എന്നതിന്റെ തെളിവുകള്‍ സേനയ്ക്കു ലഭിക്കുന്നത്. അതേ തുടര്‍ന്ന് ബുധനാഴ്ച കാണ്‍പൂരിലെ അശോക് നഗര്‍ ഭാഗത്തെ വാടക ഫ്ളാറ്റില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. ഇയാളുടെ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.

