ഫരീദാബാദ്: ഡോ. ഷഹീന് സയീദിനെ ഭീകര പ്രവര്‍ത്തനത്തിലേക്ക് എത്തിച്ചത് അല്‍ ഫല യൂണിവേഴ്സിറ്റിയിലെ അന്തരീക്ഷവും വിവാഹ മോചനത്തെ തുടര്‍ന്നുള്ള ഒറ്റപ്പെടലുമെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെന്നു റിപ്പോര്‍ട്ട്. അല്‍ ഫല തീവ്രവാദത്തിന് വളരെ വളക്കൂറുള്ള മണ്ണാണെന്നും അതേ തുടര്‍ന്നാണ് ഇവര്‍ ബെയിന്‍ വാഷിങ്ങിനു വിധേയയായതെന്നുമാണ് സംശയിക്കുന്നത്.
മികച്ച അധ്യാപികയെന്ന പേരു കേട്ട ഇവര്‍ ആദ്യ കാലങ്ങളില്‍ ശിരോവസ്ത്രം പോലും ധരിക്കാത്ത മുസ്ലീം നാമധാരി മാത്രമായിരുന്നത്രേ. മതവിശ്വാസം പോലും തീരെ കുറവായിരുന്ന അവസ്ഥയില്‍ നിന്ന് കടുത്ത തീവ്രവാദത്തിലേക്ക് ഇവരെ എത്തിക്കാന്‍ തക്ക ശക്തമായിരുന്നു അല്‍ ഫലയിലെ അന്തരീക്ഷമെന്നാണ് വിലയിരുത്തല്‍. വിവാഹ മോചനത്തിനു ശേഷം കടുത്ത ഒറ്റപ്പെടലിലായിരുന്നു ഇവരെന്നാണ് സൂചനകള്‍. ബന്ധം വേര്‍പിരിഞ്ഞ ഭര്‍ത്താവ് ഷഹീന്റെ മാതാപിതാക്കളുമായുള്ള അടുപ്പം തുടര്‍ന്നപ്പോള്‍ പോലും ഇവര്‍ കുടുംബാംഗങ്ങളുമായുള്ള ബന്ധത്തില്‍ നിന്നും അകലം പാലിക്കുകയായിരുന്നെന്നാണ് വിവരം.
ഒടുവില്‍ ജെയ് ഇ മുഹമ്മദ് എന്ന തീവ്രവാദി ഗ്രൂപ്പിന്റെ വനിതാ വിഭാഗമായ ജമാഅത്തുല്‍ മൊമിനാത്തിന്റെ ഇന്ത്യയിലെ മേധാവി വരെയായി ഇവര്‍ ഉയര്‍ന്നു. പാക്കിസ്ഥാന് ഭീകരരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ജമാഅത്തുല്‍ മൊമിനാത്തിന്റെ തലപ്പത്തുള്ളത് ഓപ്പറേഷന് സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബാംഗങ്ങളായ വനിതകളാണ്. സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പാക് ഭീകരരുമായി നിരന്തര സമ്പര്‍ക്കം ഇവര്‍ക്ക് ആവശ്യമായിരുന്നു. ഇന്ത്യയില്‍ നിന്ന് എത്ര സ്ത്രീകളെയാണ് ഇവര്‍ മൊമിനാത്തിലേക്ക് റിക്രൂട്ട് ചെയ്തതെന്ന കാര്യം ഇപ്പോള്‍ അന്വേഷണത്തിലാണ്.

