കൊല്ലം: ഡോ. വന്ദന ദാസ് വധക്കേസിലെ വിചാരണ നടപടികൾ പൂർത്തിയായി. കൊല്ലം അഡിഷണൽ സെഷൻസ് കോടതി ഈ മാസം 17-ന് കേസിൽ വിധി പറയും.കേസുമായി ബന്ധപ്പെട്ട് എഴുപതിലധിക സാക്ഷികളെ കോടതി വിസ്തരിച്ചു. കൂടാതെ, 22 തൊണ്ടിമുതലുകളും 207 രേഖകളും കോടതിയിൽ ഹാജരാക്കിയിരുന്നു.
2023 മേയ് 10-നായിരുന്നു കേരളത്തെ നടുക്കിയ ഈ ക്രൂര സംഭവം നടന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതി സന്ദീപ്, ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വന്ദന ദാസിനെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതി, ആശുപത്രിയിലെ ഡ്രസിംഗ് റൂമിലുണ്ടായിരുന്ന ജീവനക്കാരെയും പോലീസുകാരെയും ആക്രമിച്ച ശേഷമാണ് ഡോക്ടറെ ആക്രമിച്ചത്.

