വാഷിംഗ്ടൺ : ഇറാന്റെ ഡ്രോൺ വ്യാപാരത്തിനും ബാലിസ്റ്റിക് പ്രോഗ്രാമിനും പിന്തുണയും സംഭാവനയും നൽകിയെന്നാരോപിച്ച് ഇറാനിൽ നിന്നും വെനിസ്വേലയിൽ നിന്നുമുള്ള 10 വ്യക്തികൾക്കും കമ്പനികൾക്കും എതിരെ ഉപരോധം ഏർപ്പെടുത്തി യുഎസ് സർക്കാർ. അമേരിക്കയുടെ മിഡിൽ ഈസ്റ്റിലെ സഖ്യ കക്ഷികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഭരണകൂടം ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
യുഎസ് ട്രഷറി വകുപ്പിന്റെ അഭിപ്രായത്തിൽ, ഐക്യരാഷ്ട്രസഭ ഇറാനുമേൽ വീണ്ടും ഏർപ്പെടുത്തിയ ഉപരോധങ്ങൾ ശക്തിപ്പെടുത്തുന്നതിനാണ് ഈ ഉപരോധങ്ങൾ ലക്ഷ്യമിടുന്നത്. ഇറാന്റെ ആണവ, സൈനിക പദ്ധതികളിൽ സാമ്പത്തിക സമ്മർദ്ദം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് അമേരിക്കയുടെ ഈ നടപടി. ഇറാനിൽ നിന്ന് ഡ്രോണുകൾ വാങ്ങിയതായി ആരോപിക്കപ്പെടുന്ന ഒരു വെനിസ്വേലൻ കമ്പനിയും അതിന്റെ ചെയർമാനും പുതിയ ഉപരോധ പട്ടികയിൽ ഉൾപ്പെടുന്നു.

