ബഹ്‌റൈനിലെ ഊർജ കേന്ദ്രങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം; ജിപിഐസിയിലും ബാപ്‌കോയിലും തീപിടുത്തം

മനാമ: ബഹ്‌റൈനിലെ പ്രമുഖ ഊർജ, പെട്രോകെമിക്കൽ കേന്ദ്രങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം. രാജ്യത്തെ പ്രധാന വ്യവസായ സ്ഥാപനങ്ങളായ ഗൾഫ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനി (GPIC), ബാപ്‌കോ എനർജീസ് (Bapco Energies) എന്നിവയുടെ പ്ലാന്റുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടർന്ന് ഇരു കേന്ദ്രങ്ങളിലും തീപിടുത്തമുണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു.

ഞായറാഴ്ച പുലർച്ചെയോടെയാണ് ഊർജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നത്. ഇറാനിൽ നിന്നുള്ള ഡ്രോണുകളാണ് ആക്രമണത്തിന് പിന്നിലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.ജിപിഐസിയുടെ ചില പ്രവർത്തന യൂണിറ്റുകളിലും ബാപ്‌കോയുടെ സ്റ്റോറേജ് ടാങ്കിലുമാണ് തീപിടുത്തമുണ്ടായത്. സിവിൽ ഡിഫൻസ് യൂണിറ്റുകളുടെയും കമ്പനികളിലെ അടിയന്തര വിഭാഗത്തിന്റെയും നേതൃത്വത്തിൽ നടത്തിയ നീക്കത്തിലൂടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായോ ജീവഹാനി സംഭവിച്ചതായോ റിപ്പോർട്ടുകളില്ല. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കിയതായും നിലവിൽ പ്ലാന്റുകൾ സുരക്ഷിതമാണെന്നും കമ്പനികൾ പ്രസ്താവനയിലൂടെ അറിയിച്ചു.ആക്രമണത്തെത്തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി കണക്കാക്കാൻ പ്രത്യേക സംഘങ്ങൾ പരിശോധന ആരംഭിച്ചു. ഉൽപ്പാദന മേഖലയെയും വിതരണ ശൃംഖലയെയും ഇത് ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *